ഇവര്‍ ചെത്തിപ്പുഴയിലെ ഓട്ടോഡ്രൈവര്‍മാര്‍ അഥവാ കാരുണ്യത്തിന്റെ നന്മമരങ്ങള്‍

single-img
4 June 2015

11154952_800846156678587_5163963608578265310_o

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ദൈവങ്ങള്‍ തെന്ന ഭൂമിയില്‍ അവതരിക്കണമെന്നില്ല. അതു ചിലപ്പോള്‍ ചിലരുടെ നിയോഗമായിരിക്കും. അങ്ങനെെയാരു നിയോഗത്തിലാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ ഓട്ടോ ഡ്രൈവര്‍മാര്‍. സ്വന്തം ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലും മറ്റുള്ളവരുടെ വേദനയും കണ്ണീരും കണ്ട് അതില്‍ ആശ്വാസം വിതറാന്‍ സമയം കണ്ടെത്തിയവരാണവര്‍. അവരുടെ സഹായം ഒരു പ്രാവശ്യമെങ്കിലും ഏറ്റുവാങ്ങിയവര്‍ പറയും, തങ്ങള്‍ സന്വേഷിച്ച ദൈവത്തെ കണ്ടെത്തിയ കഥ.

ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് മുന്നില്‍ കിടക്കുന്ന 25ഓളം ഓട്ടോറീക്ഷകള്‍ ഇന്ന് ഓടുന്നതില്‍ പകുതിയും സ്വന്തം ആവശ്യത്തിനല്ല. നിര്‍ദ്ധനരായ രോഗികളെ വീട്ടില്‍ ചെന്ന് കൂട്ടിക്കൊണ്ടുവരികയും തിരിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഈ ഡ്രൈവര്‍മാര്‍ രോഗികളോട് തിരികെ വാങ്ങുന്നത് ഒരു പുഞ്ചിരി മാത്രമാണ്. കാശിനേക്കാള്‍ വിലയുണ്ട് ആ പുഞ്ചിരിക്കെന്ന് അവരുടെ അനുഭവ സാക്ഷ്യവുമുണ്ട്.

ജീവിതത്തിലെ ഏറ്റവും വിജമകരമായ അവസ്ഥയിലൂടെ സഞ്ചരിക്കുന്നവരാണ് ഡയാലിസിസ് രോഗികള്‍. ഒരാഴ്ചയില്‍ മൂന്നും നാലും തവണ വീട്ടില്‍ നിന്നും ആശുപത്രിയിലെത്തി ഡയാലിസിസ് ചെയ്യണമെന്നുള്ളത് ദരിദ്രരായ രോഗികളെ സംബന്ധിച്ച് ബാലികേറാമലയാണ്. അത്തരത്തിലുള്ള രോഗികളുടെ മുന്നിലാണ് ഓട്ടോ ഡ്രൈവറായ ഷാജഹാന്റെ നേതൃത്വത്തില്‍ ചെത്തിപ്പുഴയിലെ ഓട്ടോറീക്ഷാ കുട്ടായ്മയായ ‘നന്മയുടെ യാത്ര’ എത്തുന്നത്. ദിവസേനയുള്ള യാത്രച്ചെലവിനുള്ള പണംകണ്ടെത്താനുള്ള രോഗികളുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞ ഇവര്‍ ആശുപത്രിയിലെത്തുന്ന നിര്‍ദ്ധനരായ രോഗികളെ തിരഞ്ഞെടുത്ത് അവരെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും സൗജന്യമായി കൊണ്ടുപോകുന്ന ഒരു ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

ചങ്ങനാശേരി എന്‍.എസ്.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഷാജഹാന്റെ മനസ്സില്‍ പിറന്ന ഈ നന്മ യാത്ര ഇന്ന് ഡ്രൈവര്‍മാര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ചങ്ങനാശ്ശേരി എന്‍.എസ്.എസ് ജോളേജില്‍ നിന്നും ബിരുദം കഴിഞ്ഞിറങ്ങിയ ഷാജഹാന്‍ വിദ്യാഭ്യാസകാലത്തെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ സഹായ മനസ്ഥിതി തന്റെ ജീവിതത്തിലും പകര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ ജോലിയും മറ്റ് ഓഫീസ് ജോലിയുമൊന്നും കാത്തിരിക്കാതെ ഒരു ഓട്ടോയുമായി റോഡിലിറങ്ങി തന്റെ ജീവിതവും കൂട്ടത്തില്‍ മറ്റുള്ളവരുടെ ജീവിതവും അദ്ദേഹം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്.

ഓട്ടോജീവിതത്തിന്റെ തുടക്കക്കാലത്ത് ആശുപത്രിക്ക് മുന്നില്‍ ഓട്ടോയുമായി കിടന്ന സമയത്താണ് ഒരു രോഗി ഷാജഹാന്റെ ഓട്ടോയില്‍ കയറിയത്. എന്നാല്‍ ഓട്ടോ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഷാജഹാന് നല്‍കാനുള്ള പണമില്ലായിരുന്നു. കാറ്റടിച്ചാല്‍ തകര്‍ന്നു വീഴുമെന്ന് തോന്നുന്ന ആ ചെറ്റക്കുടിലിനു മുന്നില്‍ നിറകണ്ണുകളോടെ നിന്ന അദ്ദേഹത്തോട് കാശ് പിന്നെ വാങ്ങാമെന്ന് പറഞ്ഞ് ഷാജഹാന്‍ തിരികെ പോന്നു. മനസ്സിനെ കുത്തിനീറ്റിച്ച ആ അനുഭവത്തില്‍ നിന്നും ഷാജഹാന്‍ തന്റെ നന്മയാത്രയുടെ തിരിതെളിയിക്കുകയായിരുന്നു.

രോഗികളെ സഹായിക്കാനുള്ള ഷാജഹാന്റെ തീരുമാനമറിഞ്ഞ് മറ്റ് ഓട്ടോക്കാരും കൂട്ടത്തില്‍ കൂടി. അങ്ങനെ അവരെല്ലാവരും ചേര്‍ന്ന് ഡയാലിസിസ് രോഗികള്‍ക്ക് ആശുപത്രിയിലേക്കുള്ള വരവും പോക്കും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു. തീരുമാനിക്കുക മാത്രമല്ല ഇക്കാര്യം ബോര്‍ഡെഴുതി പരസ്യപ്പെടുത്തി സമീപ പ്രദേശങ്ങളിലും ഓട്ടോറിക്ഷകളിലുമെല്ലാം പതിക്കുകയും ചെയ്തു. അങ്ങനെ അവരുടെ ഫോണ്‍ നമ്പറുകളിലേക്ക് ദിവസവും പാവപ്പെട്ടവരുടെ വിളിയെത്തുകയും ഷാജഹാനും സഹപ്രവര്‍ത്തകരായ ബിജുവും സനലും തോമസുകുട്ടിയും ഭുവനേശ്വരനുമൊക്കെ തങ്ങളുടെ ഓട്ടോകളുമായി ഫോണ്‍ വിളിച്ച രോഗികളെയും കൊണ്ട് ആശുപത്രിയിലേക്കും വീട്ടിലേക്കും പായുകയും ചെയ്തു.

ഈ കൂട്ടായ്മയിലെ ആരും സാമ്പത്തികമായി മെച്ചമുള്ളവരല്ലെങ്കിലും ഉള്ളതിലൊരു പങ്ക് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതില്‍ ഇവര്‍ക്ക് സന്തോഷമേയുള്ളൂ. തുടക്കമെന്ന നിലയില്‍ ഏറെ നിര്‍ദ്ധനരായ 10 രോഗികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് സഹായം നല്‍കേണ്ട രോഗികളുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്. മാത്രമല്ല
‘നന്‍മയുടെ യാത്ര’ പെട്ടെന്നൊരു ആവേശത്തിന് തുടങ്ങി അവസാനിപ്പിക്കില്ലെന്നും കടബാദ്ധ്യതയിലും തളരില്ലെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.

ആലപ്പുഴ ജില്ലയിലെ കിടങ്ങറ, കാവാലം, പത്തനംതിട്ട ജില്ലയിലെ ആഞ്ഞിലിത്താനം, കോട്ടയം ജില്ലയിലെ പാമ്പാടി എന്നീ ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരും ഇവരുടെ രോഗികളായുണ്ട്. ഒരു വലിയ തുക കൂലിയായി ലഭിക്കേണ്ടിയിരുന്ന യാത്ര സൗജന്യമാക്കുമ്പോള്‍ ഓട്ടോയുടെ വായ്പയും കുടുംബപ്രാരബ്ദവും ഇവരെ അലട്ടുന്നുണ്ടെങ്കിലും അതിനൊരു പരിഹാരവും അവര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഓട്ടോകളുടെ ഡ്രൈവര്‍ സീറ്റിനു പിന്നിലായി ചാരിറ്റി ബോക്‌സ് ഘടിപ്പിച്ച് അതിലേക്ക് എല്ലാ ദിവസവും 20 രൂപ സ്വന്തം വിഹിതം സംഘാംഗം നിക്ഷേപിക്കും. സവാരിപോയി തിരികെവരുമ്പോള്‍ ലഭിക്കുന്ന റിട്ടേണ്‍ കാശും ആ ബോക്‌സിലാണ് അവര്‍ നിക്ഷേപിക്കുന്നത്. ചാരിറ്റി ബോക്‌സ് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ഇതില്‍ പങ്കാളികളായി ത്തുങ്ങി. എല്ലാ ഓട്ടോയിലേയും ഈ ബോക്‌സുകളിലെ പണമെല്ലാം സമാഹരിച്ച് അതില്‍നിന്ന് അതത് ഡ്രൈവര്‍ക്ക് സൗജന്യയാത്രയുടെ ചെലവുകാശ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ജനങ്ങളുടെയെല്ലാം നിറഞ്ഞ പിന്തുണയോടെ ഈ നന്മവണ്ടികള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പണത്തിനും ഒത്തിരി മുകളിലാണ് ഒരു പുഞ്ചിരിക്കുള്ള സ്ഥാനമെന്ന് ലോകത്തെയറിയിച്ച ചെത്തിപ്പുഴയിലെ സ്വന്തം നന്മവണ്ടികള്‍.