എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷം യോഗ്യതാ പരീക്ഷ പാസായാല്‍ മാത്രം ഡോക്ടറായി സേവനമനുഷ്ഠിച്ചാല്‍ മതിയെന്ന നിയമം നടപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു

single-img
3 June 2015

medical students 2എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു പുതിയ യോഗ്യതാ പരീക്ഷ എര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കരട് ശിപാര്‍ശ തയാറാക്കുന്നു. ഇനി എംബിബിസിനു ശേഷം യോഗ്യതാ പരീക്ഷ പാസായാല്‍ മാത്രമേ രാജ്യത്തു ഡോക്ടറായി സേവനം ചെയ്യാന്‍ കഴിയുകയുള്ളു എന്ന അവസ്ഥയാണ് വരുന്നത്. മുമ്പ് ഡോക്ടറാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയായിരുന്നു

രാജ്യത്തെ ഡോക്ടര്‍മാരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കു യോഗ്യതാ പരീക്ഷ നടപ്പാക്കുന്നത്. ഇപ്പോള്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സംസ്ഥാന ഘടകത്തില്‍ രജിസ്റ്റര്‍ ചെയ്യുകയോ മറ്റു സംസ്ഥാനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ഈ രജിസ്‌ട്രേഷന്‍ അതതു സംസ്ഥാനത്തേക്കു മാറ്റുകയും ചെയ്യാമായിരുന്നു. അതുമാറി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഓള്‍ ഇന്ത്യാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തന്നെ പുതിയ യോഗ്യതാ പരീക്ഷ സംഘടിപ്പിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ആരോഗ്യ മന്ത്രാലയം നടത്തുന്ന യോഗ്യതാ പരീക്ഷ പാസാകാത്തവര്‍ക്കു ബിരുദാനന്തര ബിരുദം ഉള്‍പ്പെടെ ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടും. നിലവില്‍ വിദേശരാജ്യങ്ങളില്‍നിന്ന് എംബിബിഎസ് പഠിച്ചവര്‍ക്കുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ താത്കാലിക യോഗ്യതാ പരീക്ഷയായി മാറ്റാനും ആരോഗ്യ മന്ത്രാലയം കരട് ശിപാര്‍ശയില്‍ നിര്‍േദ്ദശിച്ചിട്ടുണ്ട്.