താന്‍ സസ്യഭുക്കായതിനാല്‍ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന നിലപാടോടെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മദ്ധ്യപ്രദേശിലെ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നത് നിരോധിച്ചു

single-img
2 June 2015

Eggമധ്യപ്രദേശിലെ ഗോത്രമേഖലയിലെ അങ്കണവാടികളില്‍ മൂന്നു ജില്ലകളിലെ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കു പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട വിതരണം ചെയ്യണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തള്ളി. താന്‍ സസ്യഭുക്കായതിനാല്‍ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന നിലപാടോടെയാണ് ബി.ജെ.പി മുഖ്യമന്ത്രി ശിപാര്‍ശ തള്ളിയത്. എന്നാല്‍ മുട്ടയുടെ അഭാവം മൂലമുള്ള പോഷകാഹാരത്തിന്റെ കുറവു നികത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പോഷകാഹാരക്കുറവു നികത്തുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ അലിരാജ്പുര്‍, മണ്ഡ്‌ല, ഹോഷംഗബാദ് എന്നീ ജില്ലകളിലാണു മുട്ട വിതരണം ചെയ്യാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മുട്ട ഉള്‍പ്പെടുന്ന പ്രഭാതഭക്ഷണം നല്‍കുന്നുണ്ടെന്നും ജൈന സമുദായത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി മുട്ട നിരോധിക്കുന്നതെന്നും വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ സച്ചിന്‍ ജെയിന്‍ രംഗശത്തത്തി. ജൈന സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് മദ്ധ്യപ്രദേശ്.

ഇതേസമയം മുട്ടയുടെ ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക വളര്‍ച്ചയെ ദോഷമായി ബാധിക്കുമെന്ന് ദിഗംബര്‍ ജയിന്‍ മഹാസമിതി പ്രസിഡന്റ് അനില്‍ ബഡ്കുല്‍ പറഞ്ഞു. അങ്കണവാടികളില്‍ മുട്ട വിതരണം ചെയ്യുന്ന പദ്ധതി ഒഴിവാക്കണമെന്നു സമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മുട്ടനിരോധനം.