നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കിയ വെഞ്ഞാറമൂട്ടിലെ ഒരു സാധാരണ ചുമട്ടുതൊളിലാളിയുടെ മകനായ മനില്‍ പറയുന്നു: സര്‍ക്കാര്‍ വിദ്യാഭ്യാസം വെറും രണ്ടാംതരമല്ല

single-img
1 June 2015

Manil T Mohanവെഞ്ഞാറമൂട് സ്വദേശിയായ മനില്‍ എന്ന ഇരുപത്തൊമ്പതുകാരന്‍ ഒരു ദൃഷ്ടാന്തമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ സ്‌കൂളുകളേയും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളേയും ആശ്രയിക്കുന്നവരോട്, നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് വിജയിച്ച് ഇന്ന് അമേരിക്കയുടെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഫേല്ലോഷിപ്പിന് അര്‍ഹനായി അമേരിക്കയിലേക്ക് പറക്കുന്ന മനില്‍ പയുന്നത് ഒരൊറ്റക്കാര്യമാണ്: ‘സര്‍ക്കാര്‍ വിദ്യാഭ്യാസം വെറും രണ്ടാം തരമല്ല’.

വെഞ്ഞാറമൂട് ആലിന്തറ മാമൂട് മനില്‍ ഭവനില്‍ സിഐടിയു ചുമട്ടുതൊഴിലാളിയായ മോഹനന്റെയും തങ്കമണിയുടെയും മകനായ മനില്‍ ആലിന്തറ ഗവ. എല്‍പിഎസിലായിരുന്നു നാലാം ക്ലാസ് വരെ പഠിച്ചത്. തുടര്‍ന്ന് പ്ലസ്ടുവരെ വെഞ്ഞാറമൂട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തന്റെ പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനില്‍ മാര്‍ ഇവാനിയോസ് കോളേജില്‍ മാത്തമാറ്റിക്‌സില്‍ ബിരുദത്തിനുചേരുകയായിരുന്നു. മാര്‍ ഇവാനിയസില്‍ നിന്നം 1000ല്‍ 997 മാര്‍ക്ക് നേടി ഒന്നാംറാങ്കോടെ പാസായ മനില്‍ നാലാം റാങ്കോടെ അതേ കോളേജില്‍ നിന്നും ബിരുദാനന്തരബിരുദവും സ്വന്തമാക്കി.

തുടര്‍ന്ന് 2008ല്‍ സി.എസ്.ഐ.ആര്‍.യു.ജി.സി നെറ്റ് പരീക്ഷയില്‍ രണ്ടാംറാങ്ക് സ്വന്തമാക്കി മനില്‍ ഐസറില്‍ ‘മാത്തമാറ്റിക്‌സ് ഫ്‌ളൂയിഡ് ഡൈനാമിക്‌സ്’ എന്ന വിഷയത്തില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നു. കൂട്ടത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയും പ്രവര്‍ത്തിച്ചു. പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ഉഗ്പല്‍ മന്ന ആയിരുന്നു മനിലിന്റെ റിസര്‍ച്ച് ഗൈഡ്. പഠനത്തിലും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും ഉന്നതമികവു പുലര്‍ത്തിയ മനിലിന് പിഎച്ച്ഡി നേട്ടത്തോടൊപ്പം നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സ് ഫെലോഷിപ്പും 2014ലെ ശ്യാമപ്രസാദ് മുഖര്‍ജി ഫെലോഷിപ്പും ലഭിച്ചു.

ഐസറില്‍നിന്ന് മാത്തമറ്റിക്‌സില്‍ അമേരിക്കന്‍ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യത്തെയും മറ്റ് വിഷയങ്ങളില്‍ മൂന്നാമത്തെയും ഗവേഷണവിദ്യാര്‍ഥികൂടിയായ മനിലിന് ഇപ്പോള്‍ അമേരിക്കയിലെ ഒഹിയോ സ്റ്റേറ്റിലെ ഡയ്ട്ടണ്‍ ജില്ലയിലുള്ള എയര്‍ഫോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമുള്ള ഫെലോഷിപ്പിനായി ലഭിക്കുന്ന തുക 1,60,00 ഡോളറാണ്.

തന്റെ വിദ്യാഭ്യാസ യാത്രയ്ക്കിടയില്‍ 2012ല്‍ ടര്‍ക്കിയിലും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജര്‍മനിയിലും മാത്തമാറ്റിക്‌സില്‍ വിവിധ പേപ്പറുകള്‍ അവതരിപ്പിച്ചും മനില്‍ ശ്രദ്ധ നേടിയിരുന്നു. അധ്യാപനജോലി ഏറെ ഇഷ്ടപ്പെടുന്ന മനിലിന് ഈ രാജ്യം തനിക്ക് നല്‍കിയ വിദ്യാഭ്യാസവും അറിവും ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഉദ്ദേശിക്കുന്ന മനിലിന് അമേരിക്കയിലെ ഫെലോഷിപ്പിന് ശേഷം ഇന്ത്യയില്‍ത്തന്നെ തുടരാനാണ് താല്‍പ്പര്യം.