ടാക്‌സി വാടക കൊടുക്കാൻ യുവതി കൂട്ടാക്കിയില്ല; ശിക്ഷയായി 48 കിലോമീറ്റര്‍ 48 മണിക്കൂറിനുള്ളില്‍ നടന്നുതീര്‍ക്കാണമെന്ന് കോടതി

single-img
31 May 2015

judge hammer_5വാഷിങ്‌ടണ്‍: ടാക്‌സി വാടക കൊടുക്കാതിരുന്ന യുവതിയോട്‌ പ്രായശ്‌ചിത്തമായി 48 കിലോമീറ്റര്‍ 48 മണിക്കൂറിനുള്ളില്‍  നടന്നുതീര്‍ക്കാന്‍ യു.എസ്‌ കോടതിയുടെ ഉത്തരവ്‌. ടാക്‌സിയില്‍ വാടക നല്‍കാതെ യുവതി സഞ്ചരിച്ച ദൂരമത്രയും തിരിച്ച്‌ നടക്കാനായിരുന്നു ജഡ്‌ജി മൈക്കള്‍ സിസോനേറ്റ് രസകരമായ വിധിയിലൂടെ പറയുന്നത്

ക്ലേവ്‌ ലാന്റില്‍ നിന്നും പൈന്‍സ്‌വില്ലേയിലേക്ക്‌ സഞ്ചരിക്കുന്നതിനാണ്‌ വിക്‌ടോറിയ ബാസ്‌കോം എന്ന യുവതി ടാക്‌സി വിളിച്ചത്‌. എന്നാല്‍ സ്‌ഥലമെത്തിയതോടെ ടാക്‌സി വാടക നല്‍കാന്‍ വിക്‌ടോറിയ തയ്യാറായില്ല.

കേസില്‍ വിക്‌ടോറിയ കുറ്റക്കാരിയാണെന്ന്‌ കോടതി കണ്ടെത്തി. 48 മണിക്കൂറിനുള്ളില്‍ ടാക്‌സിയില്‍ സഞ്ചരിച്ച ദൂരമത്രയും നടക്കുക അല്ലെങ്കില്‍ ലെയ്‌ക്ക് കണ്‍ട്രി ജയിലില്‍ 60 ദിവസം ജോലി നോക്കുക, ഈ രണ്ട്‌ ശിക്ഷകളില്‍ എതു വേണമെന്ന്‌ പ്രതിക്ക്‌ തെരഞ്ഞെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാൽ വിക്‌ടോറിയ ആദ്യത്തെ ശിക്ഷ തെരഞ്ഞെടുക്കുകയായിരുന്നു.

ജഡ്‌ജി മൈക്കള്‍ സിസോനേറ്റ് വ്യത്യസ്‌തമായ ശിക്ഷാ വിധികളിലൂടെ മുമ്പും ശ്രദ്ധനേടിയിട്ടുണ്ട്‌. ഒരിക്കൽ മദ്യപിച്ച്‌ വാഹനമോടിച്ചയാളോട്‌ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ശവശരീരങ്ങള്‍ കാണാൻ ഇദ്ദേഹം ഉത്തരവിട്ടിരുന്നു. പോലീസ്‌ ഉദ്യോഗസ്‌ഥനെ ‘പന്നി’ എന്നു വിളിച്ചയാളെ ഒരു യഥാര്‍ത്ത പന്നിക്കൊപ്പം തെരുവില്‍ നിര്‍ത്തിയ ശേഷം ‘ഇതൊരു പോലീസുകാരനല്ല’ എന്ന രീതിയില്‍ പന്നിക്കുനേരെ ചൂണ്ടുന്ന ഒരു പ്ലക്കാര്‍ഡ്‌ പ്രതി പിടിക്കണമെന്നും സിസോനേറ്റ്‌ ഉത്തരവിട്ടിരുന്നു.