വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നൽകി

single-img
31 May 2015

pranabന്യൂഡല്‍ഹി: വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ രാഷ്ട്രപതി അംഗീകാരിച്ചു. ജൂണ്‍ മൂന്നിന് നിലവിലുള്ള ഓര്‍ഡിനന്‍സിന്‍െറ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ രാഷ്ട്രപതിയോട് മൂന്നാമതും ശിപാര്‍ശ ചെയ്തിരുന്നു.

2013ല്‍ യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്ത് രണ്ടു തവണ ലോക്സഭയില്‍ പാസാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയുടെ അംഗീകാരം നേടാനായില്ല. ഇതേതുടര്‍ന്ന് 2014 ഡിസംബറില്‍ ആദ്യ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിയമം നടപ്പാക്കി. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ പുതുക്കിയ ഓര്‍ഡിനന്‍സാണ് വീണ്ടും കാലാവധി നീട്ടി രാഷ്ട്രപതിയുടെ അംഗികാരത്തിന് സമര്‍പ്പിച്ചത്.

ഭൂമി ഏറ്റെടുക്കുന്നതിന് 70-80 ശതമാനം വരെ ഉടമകളുടെ സമ്മതം വേണം, സാമൂഹിക ആഘാതപഠനം നടത്തണം എന്നീ സുപ്രധാന വ്യവസ്ഥകള്‍ നീക്കിയാണ് മോദി സര്‍ക്കാര്‍ ഭേദഗതി നിയമം കൊണ്ടുവന്നത്.