അഴിമതിവിരുദ്ധവിഭാഗം കാര്യക്ഷമമാക്കുന്നതിന് എ.എ.പി സർക്കാർ അത്യാധുനിക രഹസ്യനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നു; പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും രംഗത്ത് • ഇ വാർത്ത | evartha
National

അഴിമതിവിരുദ്ധവിഭാഗം കാര്യക്ഷമമാക്കുന്നതിന് എ.എ.പി സർക്കാർ അത്യാധുനിക രഹസ്യനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നു; പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും രംഗത്ത്

delhi-cm-arvind-kejriwal-revives-anti-corruption-helplineന്യൂഡല്‍ഹി: ഡല്‍ഹി അഴിമതിവിരുദ്ധവിഭാഗം കാര്യക്ഷമമാക്കുന്നതിനായി അത്യാധുനിക രഹസ്യനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങാന്‍ എ.എ.പി സര്‍ക്കാറിന്റെ പദ്ധതി. പ്രധാനമന്ത്രിയുടേതുള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതും രാജ്യസുരക്ഷ അപകടത്തിലാക്കുന്നതുമാണ് ഈ നീക്കമെന്നാരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനുമുന്നില്‍ ബി.ജെ.പി പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

എ.എ.പി സര്‍ക്കാറിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും ആവശ്യമായ അനുമതികള്‍ വാങ്ങാതെയാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ പദ്ധതി തയ്യാറാക്കിയതെന്നും കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും പ്രതികരിച്ചു. എന്നാല്‍, ഇത്തരം ഉപകരണങ്ങള്‍ വാങ്ങാന്‍ പദ്ധതിയില്ലെന്നും സ്വകാര്യചാനല്‍ കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും എ.എ.പി സര്‍ക്കാര്‍ പ്രതികരിച്ചു.

സംസ്ഥാനസര്‍ക്കാറിന്റെ അഴിമതിവിരുദ്ധ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 36 കോടി രൂപ നീക്കിവെച്ചതായി കാബിനറ്റ് നോട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. ഇതില്‍ 3.2 കോടി രൂപയാണ് രഹസ്യ നിരീക്ഷണത്തിനുള്ള അത്യാധുനികസംവിധാനം വാങ്ങാന്‍ വിനിയോഗിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതില്‍ ഒപ്പുവെച്ചുവെന്നും ആരോപണമുണ്ട്.

എന്നാല്‍, അത്തരമൊരുകുറിപ്പ് ഇല്ലെന്നും ഡല്‍ഹിയിലെ അഴിമതിവിരുദ്ധവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ഡല്‍ഹി സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 35 ഉദ്യോഗസ്ഥരെ അറസ്റ്റിലാവുകയും 150 പേര്‍ക്ക് സസ്‌പെന്‍ഷനും ലഭിക്കുകയും ചെയ്തു. സംസ്ഥാനസര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അഴിമതിവിരുദ്ധവിഭാഗത്തിന്റെ പ്രവര്‍ത്തനം  ബാധകമാകൂ എന്ന് മെയ് 21-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയത് വിവാദമായിരുന്നു.