ടിപ്പര്‍ ലോറിയിടിച്ച് മതിലിടിഞ്ഞുവീണ് അമ്മയോടൊപ്പം നടന്ന് പോയ രണ്ടര വയസ്സുകാരി മരിച്ചു

single-img
30 May 2015

downloadപിന്നോട്ടെടുത്ത ടിപ്പര്‍ ലോറിയിടിച്ച് മതിലിടിഞ്ഞുവീണ് റോഡിലൂടെ അമ്മയോടൊപ്പം നടന്ന് പോയ രണ്ടര വയസ്സുകാരി മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. കോണത്തുകുന്ന് വട്ടേക്കാട്ടുകര തൈനകത്ത് ശശിയുടെ മകള്‍ അഹല്യയാണ് മരിച്ചത്. ശശിയുടെ ഭാര്യ രാജി (28), മൂത്തമകള്‍ അനാമിക (4) എന്നിവര്‍ക്ക് പരിക്കേറ്റു.

അനാമിക പഠിക്കുന്ന ചാച്ചാജി അങ്കണവാടിയില്‍ യാത്രയയപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു അമ്മയും മക്കളും. സമീപത്തെ സിമന്റ് ഇഷ്ടിക നിര്‍മ്മാണ കമ്പനിയില്‍ ലോഡ് കയറ്റാന്‍ വന്ന ടിപ്പര്‍, ഇഷ്ടികകള്‍ കയറ്റാന്‍ പിറകിലോട്ടെടുത്തപ്പോള്‍ മതിലിലിടിച്ചു. തകര്‍ന്ന മതില്‍ റോഡരികിലൂടെ നടന്നുപോയ മൂന്നു പേരുടെയും ദേഹത്തേക്ക് വീണു. മതില്‍ വീഴുന്നത് കണ്ട് മുന്നില്‍പ്പോയ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു.

അനാമികയുടെ കാലിന് ഒടിവു സംഭവിച്ചു. രാജിയുടെ പരിക്ക് നിസ്സാരമാണ്. അപകടം പറ്റിയ ഉടനെ ലോറി ഡ്രൈവറും കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികളും ഓടി രക്ഷപ്പെട്ടു.