സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ്

single-img
30 May 2015

download (3)ഫിഫ പ്രസിഡന്റായി സെപ് ബ്ലാറ്റര്‍ തുടരും.തുടര്‍ച്ചയായ അഞ്ചാംതവണയാണ് 79-കാരനായ ബ്ലാറ്റര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എതിരാളിയായ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അലി ഹുസൈന്‍ ആദ്യ റൗണ്ട് വോട്ടെടുപ്പിന് ശേഷം പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. അഴിമതിക്കുറ്റത്തിന് ഫിഫ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ 14പേര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യൂറോപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് ബ്ലാറ്ററുടെ വിജയം.

 

ഫുട്‌ബോളിനുവേണ്ടി എല്ലാവരും യോജിച്ചുപ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നു പറഞ്ഞുകൊണ്ട് ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധനചെയ്ത ബ്ലാറ്റര്‍, സംഘടനയിലെ അഴിമതിയുടെപേരില്‍ അമേരിക്കന്‍ പോലീസ് അറസ്റ്റ് നടത്തിയ സമയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.

 
വിപ്ലവങ്ങളല്ല, മാറ്റങ്ങളാണ് നമുക്കാവശ്യം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്റെപേരിലാണ് ആരോപിക്കപ്പെടുന്നത്. അതു ഞാന്‍ ചുമലിലേല്‍ക്കുന്നു. ഫിഫയെ ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തത്വം നിങ്ങള്‍ക്കൊപ്പം ഞാനേറ്റെടുക്കുന്നു സെപ് ബ്ലാറ്റര്‍ പറഞ്ഞു.209 പ്രതിനിധികള്‍ക്കായിരുന്നു വോട്ടവകാശം. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ജയിക്കാന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 139 വോട്ട് ആര്‍ക്കും കിട്ടിയില്ല. ബ്ലാറ്റര്‍ക്ക് 133 ഉം അലിക്ക് 73 ഉം വോട്ടുകളാണ് കിട്ടിയത്. രണ്ടാം റൗണ്ടില്‍ ജയിക്കാന്‍ കേവലഭൂരിപക്ഷം മതി എന്നതിനാല്‍ അലി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു.