നേപ്പാളില്‍ ഭൂകമ്പത്തിൽ ജയിലുകള്‍ തകര്‍ന്നു; 500ലേറെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി

single-img
30 May 2015

150427102457-15-nepal-quake-0426-super-169നേപ്പാളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂകമ്പങ്ങളില്‍ ജയിലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 500ലേറെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി. റിപ്പബ്ലിക് ദിനമായ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ശുപാര്‍ശ പ്രസിഡന്റ് രാം ബരന്‍ യാദവിന് നല്‍കിയത്.

പ്രസിഡന്റ് 541 തടവുകാര്‍ക്കാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഭൂകമ്പത്തില്‍ തകര്‍ന്ന ജയിലുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് സമയമെടുക്കുമെന്നതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. ഭൂകമ്പ ദുരന്തത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനം നേപ്പാള്‍ ഔദ്യോഗികമായി ആചരിക്കുന്നില്ല.

താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട, ശിക്ഷാ കാലാവധി പകുതിയിലേറെ പൂര്‍ത്തിയാക്കിയവരെയാണ് വിട്ടയക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. മഴക്കാലം തുടങ്ങാനിരിക്കെ ഭൂകമ്പത്തില്‍ പാതിതകര്‍ന്ന ജയിലുകളിലുള്ളവരുടെ സുരക്ഷ ഇപ്പോഴും ചോദ്യചിഹ്നമാണ്. ആകെയുള്ള 74 ജയിലുകളില്‍ മൂന്നെണ്ണം ഭൂകമ്പത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. 36 എണ്ണം ഭാഗികമായി തകര്‍ന്നു.

നേപ്പാള്‍ ഭൂകമ്പത്തില്‍ 16 തടവുകാര്‍ക്ക് ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഭൂകമ്പം മുതലാക്കി 220 തടവുകാര്‍ ജയില്‍ ചാടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ ഇര്‍ഫാന്‍ അഹമ്മദും ഭൂകമ്പത്തെ തുടര്‍ന്ന് ജയിലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഉത്തര്‍പ്രദേശിലെ ബരൈച്ചില്‍ വെച്ച് ഇയാള്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.

ജയിലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പലയിടത്തും ടെന്റുകളിലാണ് തടവുകാരെ താമസിപ്പിച്ചിരുന്നത്. മനുഷ്യാവകാശം പരിഗണിച്ച് തടവുകാരെ വിട്ടയക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പൊതുമാപ്പ് നല്‍കുന്നത് നേപ്പാള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. പതിനായിരത്തോളം തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള നേപ്പാളിലെ ജയിലുകളില്‍ 17000ത്തോളം പേരാണുള്ളത്. ഇതും പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നുണ്ട്.