അരുവിക്കര ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാസുരേന്ദ്രൻ പരിഗണനയിൽ

single-img
30 May 2015

sobhaതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ശോഭാസുരേന്ദ്രനെ പരിഗണിക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ മഹിളാമോര്‍ച്ച ജില്ലാ നേതൃത്വമാണ് ശോഭാസുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചത്. ശക്തമായ മത്സരം നടത്താന്‍ ശേഷിയുള്ള നേതാവ് സ്ഥാനാര്‍ത്ഥിയാകണമെന്ന വാദഗതിയാണ് ശോഭാസുരേന്ദ്രനെ പരിഗണിക്കാന്‍ കാരണം.

ആര്‍.എസ്.എസ് നേതൃത്വവും ശോഭയെയാണ് പിന്തുണയ്ക്കുന്നത്. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടിയാണ് സജീവ പരിഗണനയിലുള്ള മറ്റൊരാള്‍. ഞായറാഴ്ച ചേരുന്ന സംസ്ഥാന കോര്‍ഗ്രൂപ്പ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും.

സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക ഡല്‍ഹിയിലായിരിക്കും.  നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉടന്‍ നടക്കും. കണ്‍വെന്‍ഷനിലും പ്രചാരണപരിപാടികളിലും കേന്ദ്രമന്ത്രിമാരേയും ദേശീയനേതാക്കളേയും പങ്കെടുപ്പിക്കും.