ആദ്യ മുന്‍ഗണന വികസനത്തിന്, പിന്നീട് അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണം- കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

single-img
30 May 2015

RAJNATHന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണം പ്രാധാന്യമുള്ള വിഷയമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വികസന അജണ്ടയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധി വൈകുകയാണെങ്കില്‍ അയോധ്യ വിഷയത്തില്‍ ഇരു സമുദായങ്ങളും കൂടിയാലോചിച്ചു രമ്യമായി പരിഹരിക്കാന്‍ കഴിയും. നിലവില്‍ അത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും രാജ്‌നാഥ് വെളിപ്പെടുത്തി.

ആര്‍.എസ്.എസ് പ്രോല്‍സാഹിപ്പിക്കുന്നത് മതസഹിഷ്ണുതയുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ സംസ്‌കാരത്തെയാണെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. താനും ആര്‍.എസ്.എസ് സ്വയംസേവകനാണെന്ന് രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാം മതത്തിലെ 72 വിഭാഗങ്ങളുള്ളത് ഇന്ത്യയിലാണ്. രണ്ടായിരം വര്‍ഷം മുന്‍പു ലോകത്തില്‍ ആദ്യത്തെ ക്രൈസ്തവ ദേവാലയം സ്ഥാപിക്കപ്പെട്ടത് കേരളത്തിലും. പാഴ്‌സികളും ജൂതന്മാരും ആദരിക്കപ്പെടുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിലാണെന്നും രാജ്‌നാഥ് പറഞ്ഞു.