മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിന്റെ തീവ്രനിലപാട് വിജയിക്കില്ല- കെ.എസ് ബാലസുബ്രഹ്മണ്യം

single-img
30 May 2015

balaമാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിന്റെ തീവ്രനിലപാട് വിജയിക്കില്ലെന്ന് നാളെ സ്ഥാനമൊഴിയുന്ന സംസ്ഥാന പൊലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യം.  മാവോയിസ്റ്റുകളോട് തീവ്രനിലപാട് വിജയിക്കില്ലെന്നും വെടിവച്ചു കൊല്ലണമെന്ന് ഒരുഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ലെങ്കിലും അവര്‍ക്കെതിരെ നിയമപരമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും ഡിജിപി നിലപാട് വ്യക്തമാക്കി. വിദേശയാത്രാ വിവാദം വ്യക്തിപരമായ ആക്രമണമായിരുന്നു. മുന്‍ ചീഫ്‌സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ് തന്നോടുളള വൈരാഗ്യത്തിന്റെ കാരണമെന്താണെന്ന് അറിയില്ല. ഇതുസംബന്ധിച്ച തന്റെ പരാതിയില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും എന്നാല്‍ ചീഫ് സെക്രട്ടറിയെ താക്കീത് ചെയ്‌തോയെന്ന കാര്യം അറിയില്ലെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.

നിഷാം കേസില്‍ പി.സി. ജോര്‍ജിനെയും സസ്‌പെന്‍ഷനില്‍ കഴിയുന്ന തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ടുളള കത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും പൊലീസ് സേനയെ കാര്യക്ഷമമായി നയിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.