മ്യാന്‍മറില്‍ വേട്ടയാടപ്പെടുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ കാര്യത്തില്‍ സമാധാന നൊബേല്‍ ജേതാവായ ഓങ് സാന്‍ സൂകി മൗനം വെടിയണമെന്ന് ദലൈലാമ

single-img
29 May 2015

Sukiസമാധാന നൊബേല്‍ ജേതാവായ ഓങ് സാന്‍ സൂകി മ്യാന്‍മറില്‍ വേട്ടയാടപ്പെടുന്ന റോഹിങ്ക്യന്‍ മുസ്ലിംകളുടെ കാര്യത്തില്‍ മൗനം വെടിയണമെന്നും റോഹിങ്ക്യകളുടെ രക്ഷയ്ക്ക് വേണ്ട ഇടപെടല്‍ നടത്തണമെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആവശ്യപ്പെട്ടു. റോഹിങ്ക്യകളോടുള്ള മ്യാന്‍മറിന്റെ സമീപനം വളരെ നിരാശാജനകമാണെന്നും ദലൈലാമ പറഞ്ഞു.

2012 മുതല്‍ റോഹിങ്ക്യകളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നതായും ഇനിയെങ്കിലും സൂകി മൗനം വെടിഞ്ഞ് റോഹിങ്ക്യകളുടെ രക്ഷയ്ക്കായി രംഗത്തുവരണമെന്ന് ഓസ്‌ട്രേലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദലൈലാമ ആവശ്യപ്പെട്ടത്.

റോഹിങ്ക്യകളുടെ പ്രശ്‌നം ഉന്നയിച്ച് ലണ്ടനില്‍ വെച്ചും ചെക് റിപ്പബ്ലിക്കില്‍ വെച്ചും രണ്ടു തവണ താന്‍ സൂകിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും എന്നാല്‍ അന്ന് പ്രശ്‌നം സങ്കീര്‍ണമാണെന്നും ഇടപെടുക ബുദ്ധിമുട്ടാണെന്നുമായിരുന്നു അവര്‍ അന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇമപ്പാഴും റോഹിങ്ക്യകളുടെ ദുരിതത്തിന് അറുതി വരുത്താന്‍ സൂകിക്ക് എന്തെങ്കിലും ചെയ്യാനാകുമെന്നാണ് താന്‍ കരുതുന്നുണ്ടെന്നും ദലൈലാമ പ്രത്യാശ പ്രകടിപ്പിച്ചു.

മ്യാന്‍മറിലെ ഭൂരിപക്ഷ വിഭാഗമായ ബുദ്ധിസ്റ്റുകളുടെ ആക്രമണത്തിനിരയായ ആയിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലികളാണ് തീരമണയാനാകാതെ ബോട്ടുകളില്‍ ആന്‍ഡമാന്‍ കടലില്‍ അലയുന്നത്.