കള്ളനോട്ട് അറിയാതെ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

single-img
29 May 2015

India-looks-at-the-US-to-check-fake-currency-notesകള്ളനോട്ടുകള്‍ ബോധപൂര്‍വമല്ലാതെ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. 2013 ഒക്ടോബറില്‍ മുന്‍ഷി മുഹമ്മദ് ശൈഖിനെ സെഷന്‍സ് കോടതി കള്ളനോട്ട് കൈവശംവെച്ചതിന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചതിനെതിരെ അദ്ദേഹം നല്‍കിയ അപ്പീലിലാണ് വിധി.

ഒരാള്‍ കള്ളനോട്ടുകളാണെന്നുള്ള ബോധ്യത്തോടെയാണ് കൈവശം വെച്ചതെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റക്കാരനാകുന്നുള്ളു. എന്നാല്‍ ഈ കേസില്‍ അതുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് അനുജ പ്രഭു ദേശായ് വിധിയില്‍ പറഞ്ഞു.

മുന്‍ഷി മുഹമ്മദ് 2011 ഡിസംബര്‍ 19ന് കുര്‍ളയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ 9,500 രൂപ നിക്ഷേപിച്ചതില്‍ അഞ്ഞൂറിന്റെ 17 നോട്ടുകളും ആയിരത്തിന്റെ ഒരു നോട്ടും കള്ളനോട്ടാണെന്ന് കാഷ്യര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇക്കാര്യം മുന്‍ഷി മുഹമ്മദിനോട് പറയാതെ കാഷ്യര്‍ മാനേജരുടെ മുറിയില്‍ പോയി വിവരമറിയിക്കുകയും തുടര്‍ന്ന് മാനേജര്‍ പരാതിപ്പെട്ടതനുസരിച്ച് മുന്‍ഷിയെ പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു.

സാധാരണക്കാരന് കള്ളനോട്ടുകളാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ മനഃപൂര്‍വ്വമാണ് അവ കൈവശം വെച്ചിരിക്കുന്നതെന്ന് എങ്ങനെ കണ്ടെത്താനാകുമെന്ന് കോടതി ചോദിച്ചു. മാത്രമല്ല കള്ള നോട്ടുകളാണെന്ന് ബാങ്കധികൃതര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ മുന്‍ഷി മുഹമ്മദ് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും അന്വേഷണത്തോട് സഹകരിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.