തെരുവിലുറങ്ങുന്ന ശെല്‍വകുമാറിന്റെയും വിനീതയുടെയും സത്യസന്ധതയ്ക്ക് പാരിതോഷികമായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ വീടു വെച്ച് നല്‍കി

single-img
29 May 2015

2015may6820

കിടക്കുന്നത് ബസ് സ്റ്റാന്റില്‍, പഠിക്കുന്ന തെരുവ് വെട്ടത്തില്‍. അന്നന്നത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്ന ആ സഹോദരങ്ങള്‍ക്ക് പക്ഷേ സ്‌കൂളില്‍ പോകുന്ന വഴി കളഞ്ഞുകിട്ടിയ തുക സ്വന്തമാക്കാന്‍ തോന്നിയില്ല. ആ സത്യസന്ധതയ്ക്ക് സമൂഹം നല്‍കിയതോ കയറിക്കിടക്കാന്‍ ഒരു വീടും.

സത്യസന്ധയ്ക്കുള്ള പാരിതോഷികമായി ശെല്‍വകുമാറിനും വിനീതയ്ക്കും വേണ്ടി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. കുറുപ്പന്തറയില്‍ നടന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

വടയാര്‍ ഇളങ്കാവ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ക്ക്, മാസങ്ങള്‍ക്കു മുമ്പു സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് 3,000 രൂപ വഴിയില്‍ കിടന്നു കിട്ടിയത്. വടയാര്‍ മാളിയേക്കല്‍ മനോജിന്റെ പണമാണു കുട്ടികളുടെ കയ്യില്‍ എത്തപ്പെട്ടത്. കുട്ടികള്‍ പണം അധ്യാപകര്‍ വഴി പോലീസില്‍ ഏല്‍പിക്കുകയും ഉടമയ്ക്കു മടക്കി നല്‍കുകയുമായിരുന്നു. പണം തിരികെ കിട്ടിയതിനേക്കാളുപരി നാടോടിയായ ഈ ബാലന്റെ സത്യസന്ധത മനസിലാക്കി ഏഴാംക്‌ളാസ് വരെയുള്ള ശെല്‍വന്റെ പഠനചെലവ് പൂര്‍ണമായേല്‍ക്കുകയും പഞ്ചായത്തോ സര്‍ക്കാരോ മറ്റു സന്നദ്ധ സംഘടനകളോ മൂന്നു സെന്റില്‍ കുറയാത്ത സ്ഥലം അനുവദിച്ചു നല്‍കുകയാണെങ്കില്‍ വടയാര്‍ ദര്‍ശന ക്‌ളബ്ബിന്റെ സഹകരണത്തോടെ ഒരു വീട് നിര്‍മിച്ചു നല്‍കാമെന്നും തലയോലപ്പറമ്പ് പോലീസിന്റെ സാന്നിധ്യത്തില്‍ മനോജ് ബാലനുറപ്പു നല്‍കിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും തലയോലപ്പറമ്പിലെത്തി തെരുവോരങ്ങളില്‍ സര്‍ക്കസ് നടത്തിയും ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റുമാണു ശെല്‍വനും കുടുംബവും കഴിയുന്നത്. സ്വന്തമായി കിടപ്പാടമില്ലാത്ത ഇവര്‍ കടത്തിണ്ണയിലാണു അന്തിയുറങ്ങുന്നത്. പഠനത്തോടു താത്പര്യം കാണിച്ച ശെല്‍വനെയും അനുജത്തി വിനീതയെയും നാട്ടുകാര്‍ താത്പര്യമെടുത്താണു സ്‌കൂളിലാക്കിയത്. പഠനത്തില്‍ മിടുക്കരായ ഇവര്‍ അധ്യാപകര്‍ക്കും പ്രിയപ്പെട്ടവരാണ്.

ഇലക്ട്രിസിറ്റി എംപ്‌ളോയീസ് കോണ്‍ഫഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായ മനോജ് മുന്‍കൈ എടുത്ത് മള്ളിയൂരില്‍ ഇവര്‍ക്കായി വീടു നിര്‍മാണം തുടങ്ങുകയായിരുന്നു. തലപ്പാറയിലെ പിയാത്തോഭവന് വൈദ്യുതി ബോര്‍ഡിലെ ഒരു അസിസ്റ്റന്റ് എന്‍ജീനീയര്‍ കൈമാറിയ സ്ഥലം കുട്ടികള്‍ക്കുള്ള വീടുനിര്‍മാണത്തിനായി പിയാത്തോ ഭവന്‍ നല്‍കുകയായിരുന്നു. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം.എസ്. റാവുത്തരുടെ സ്മരണയുടെ ഭകാഗമായിട്ടു കൂടിയായിരുന്നു പ്രവര്‍ത്തകര്‍ വീട് നിര്‍മ്മാണം ഏറ്റെടുത്തത്.

ഏഴുലക്ഷം രൂപയാണ് ചെലവഴിച്ചാണ് രണ്ടുമുറിയും അടുക്കളയും ബാത്‌റൂമുമുള്ള വീട് പണിതിരിക്കുന്നത്. കുറുപ്പന്തറ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ ടി.കെ. സജിയുടെ നേതൃത്വത്തില്‍ വൈദ്യുതീകരണം നടത്തുകയുമായിരുന്നു. താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.