കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ചൂഷണം ചെയ്ത് റബ്ബര്‍ വിലകുറച്ച് വാങ്ങുകയും എന്നാല്‍ ടയര്‍ വില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ ടയറുകള്‍ ബഹിഷ്‌കരിക്കാന്‍ നീക്കം

single-img
29 May 2015

Tianjin_TOP_tyre_Co_Ltd

കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ചൂഷണം ചെയ്ത് റബ്ബര്‍ വിലകുറച്ച് വാങ്ങുകയും എന്നാല്‍ ടയര്‍ വില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ ടയറുകള്‍ ബഹിഷ്‌കരിക്കാന്‍ നീക്കം. നവ റബ്ബര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ ടയറുകള്‍ ബഹിഷ്‌കരിക്കാന്‍ മൂവാറ്റുപുഴയില്‍ ജൂണ്‍ 7 ന് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് കോഓര്‍ഡിനേറ്റര്‍ ജെബി മാത്യു, പ്രസിഡന്റ് പ്രൊഫ. കെ.എം. കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.

ഇന്ത്യന്‍ കമ്പനികള്‍ 125 രൂപയ്ക്ക് മാത്രമാണ് കേരളത്തില്‍ നിന്ന് റബ്ബര്‍ വാങ്ങുന്നത്. ബാങ്കോക്കില്‍ 119 രൂപയുള്ള റബ്ബര്‍ നികുതി ഇല്ലാതെ ഇറക്കുമതി ചെയ്താല്‍ 20 രൂപ കമ്പിനി ചെലവും, നികുതി നല്‍കി ഇറക്കുമതി ചെയ്താല്‍ ചെലവ് അതിലും മുകളില്‍ വരുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ ഗുണനിലവാര പരിശോധനാ സംവിധാനം ഇല്ലാത്തതു മുതലാക്കി നിലവാരം കുറഞ്ഞ റബ്ബര്‍ ഷീറ്റും ബള്‍ക്ക് റബ്ബറും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്ത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ പട്ടിണിക്കിടുന്ന നിലപാടാണ് ടയര്‍ കമ്പനികള്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്നതെന്ന് ഇവര്‍ പറയുന്നു.

2011ല്‍ 225 രൂപയായിരുന്ന റബ്ബര്‍ വില 225 രൂപയില്‍ നിന്ന് 125 രൂപയിലേയ്ക്ക് കൂപ്പുകുത്തിയതോടെ ടയര്‍ നിര്‍മാണത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വില 40 ശതമാനമായി കുറഞ്ഞു. എന്നിട്ടും കമ്പനികള്‍ ടയര്‍വില കുറയ്ക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ബാങ്കോക്ക് വിലയില്‍ നിന്ന് 20 രൂപയെങ്കിലും വര്‍ദ്ധിപ്പിച്ച് കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ഉടനടി റബ്ബര്‍ വാങ്ങി തുടങ്ങണമെന്നതാണ് സംഘടന ആവശ്യപ്പെടുന്നത്.