ഹാരിസൺ മലയാളം പ്ലാന്റേഷൻസ് വിറ്റ മൂന്ന് എസ്റ്റേറ്റുകളും സർക്കാർ ഏറ്റെടുക്കും

single-img
29 May 2015

harisonതിരുവനന്തപുരം:ഹാരിസൺ മലയാളം പ്ലാന്റേഷൻസ് വിറ്റ മൂന്ന് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കി. മൊത്തം 5170 ഏക്കർ ഏറ്റെടുക്കാനാണ് സ്‌പെഷൽ ഓഫീസറായ എറണാകുളം കളക്ടർ ഉത്തരവിട്ടത്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായായിരിക്കും ഏറ്റെടുക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലത്തെ റിയ റിസോർട്സ് ആൻഡ് പ്രോപ്പർട്ടീസ് (207 ഏക്കർ), കൊല്ലം ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമി​റ്റഡ് (2700 ഏക്കർ), കോട്ടയത്തെ ചെറുവള്ളി എസ്റ്റേറ്റ് (2263 ഏക്കർ) എന്നിവയാണ് കേരള ഭൂസംരക്ഷണ നിയമപ്രകാരം ഏ​റ്റെടുക്കുന്നത്.

കഴിഞ്ഞ ഡിസംബറിൽ ഹാരിസണിൽ നിന്ന് 29,185 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഭൂസംരക്ഷണ നിയമപ്രകാരം സ്പെഷൽ ഓഫീസറെ നിയമിച്ച് നടപടികൾ തുടരണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഇംഗ്ലണ്ടിൽ രജിസ്​റ്റർ ചെയ്ത കമ്പനിയാണ് പിന്നീട് കൊച്ചി ആസ്ഥാനമായി ഹാരിസൺസ് മലയാളം ലിമി​റ്റഡായി 1984ൽ രൂപാന്തരപ്പെട്ടത്. തിരുവിതാംകൂറിലെ രാജഭരണ കാലത്ത് വിദേശ കമ്പനി അനധികൃതമായി കൈവശംവച്ച ഭൂമിയാണ് ഹാരിസൺസിന് കിട്ടിയത്.

ഇംഗ്ളണ്ടിൽ തയാറാക്കിയ വ്യാജരേഖ പ്രകാരമാണ് ഹാരിസൺ എസ്‌​റ്റേ​റ്റുകൾ വിറ്റതെന്നു നേരത്തേ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എട്ടുജില്ലകളിലായി 62,500 ഏക്കറാണ് ഹാരിസൺ അനധികൃതമായി കൈവശം വച്ചിട്ടുള്ളത്. ഇംഗ്ളണ്ടിൽനിന്നുള്ള സാധുതയില്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലും ഇല്ലാത്ത മേൽവിലാസത്തിലുമാണ് സർക്കാർ ഭൂമിയുടെ അവകാശമുന്നയിച്ചെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു.