അമിതവേഗത; സമയപരിധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത ഉടമകൾക്കെതിരെ പൊലീസ് നിയമ നടപടിക്കൊരുങ്ങുന്നു

single-img
29 May 2015

surviline cameraതിരുവനന്തപുരം: ഹൈവേകളില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് ഈടക്കിയ പിഴ സമയപരിധി കഴിഞ്ഞിട്ടും അടയ്ക്കാത്ത ഉടമകൾക്കെതിരെ പൊലീസ് നിയമ നടപടിക്കൊരുങ്ങുന്നു.  പിഴയടയ്ക്കാനുള്ള നോട്ടീസും തുടര്‍ന്നുള്ള മുന്നറിയിപ്പ് നോട്ടീസും ലഭിച്ചിട്ടും പിഴയൊടുക്കാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെയാണ് നിയമനടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് ട്രാഫിക് ചുമതലയുള്ള എ.ഡി.ജി. പി അരുണ്‍ കുമാര്‍ സിന്‍ഹ വ്യക്തമാക്കി.

സംസ്ഥാനത്ത് ഹൈവേകളിലൂടെ അമിതവേഗതയിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച 100 നിരീക്ഷണ ക്യാമറകള്‍ കുടുങ്ങുന്നവരുടെ സംബന്ധിച്ച വിവരം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. അവ പരിശോധിച്ച് വാഹന ഉടമകളെ സംബന്ധിച്ച വിവരശേഖരത്തിന്റെ സഹായത്തോടെ വാഹന ഉടമയെ കണ്ടെത്തി പിഴയടയ്ക്കാന്‍ നിര്‍ദേശം നല്‍കും.

ഇതു സംബന്ധിച്ച് തപാല്‍ വഴി എത്തുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തിലുള്ള തുക എല്ലാ ജില്ലകളിലുമുള്ള കളക്ഷന്‍ സെന്ററുകളില്‍ നേരിട്ടോ നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചോ അടയ്ക്കാം. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ അമിത വേഗത്തിലോടിയവർക്ക് പിഴയടയ്ക്കുന്നതിന് ഒന്‍പതുലക്ഷം നോട്ടീസുകള്‍ നല്‍കി. 400 രൂപയാണ് പിഴയായി ഒടുക്കേണ്ടത്. കമ്പ്യൂട്ടര്‍ സംവിധാനം വഴി ലഭിക്കുന്ന നോട്ടീസ് കിട്ടി 20 ദിവസത്തിനുള്ളില്‍ ഈ തുകയടയ്ക്കണം. അതില്‍ വീഴ്ച വരുത്തിയാല്‍ 100 രൂപ അധികം പിഴയും ചേര്‍ത്ത് 500 രൂപ അടുത്ത 10 ദിവസത്തിനുള്ളില്‍ അടയ്ക്കണം.

ഇപ്രകാരം നോട്ടീസ് ലഭിച്ച ഒന്‍പതു ലക്ഷത്തില്‍ അഞ്ചു ലക്ഷത്തിലേറെ പേരും 20 ദിവസത്തിനുള്ളില്‍ പിഴയടച്ച് നിയമ നടപടികളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. പിഴയടയ്ക്കാത്ത ബാക്കി പേര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചതോടെ ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും പിഴയൊടുക്കി. ഇനിയും അവശേഷിക്കുന്നവര്‍ക്കെതിരെയാണ് നിയമനടപടി ആരംഭിക്കുന്നതെന്ന് എ.ഡി.ജി.പി അറിയിച്ചു.

അമിതവേഗം സംബന്ധിച്ച നോട്ടീസ് ലഭിക്കാത്തവര്‍ക്കും അത് നഷ്ടപ്പെട്ടുപോയവര്‍ക്കും payment.keralapolice. gov.in സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വാഹനം അമിതവേഗത്തില്‍പ്പെട്ടതിന് ഫൈന്‍ ചുമത്തപ്പെട്ടിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്.
അമിതവേഗം കണ്ടെത്തുന്നതിന് മാത്രമല്ല, വഴിയാത്രക്കാരെയും മറ്റു വാഹനങ്ങളെയും ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ നിരവധി വാഹനങ്ങളെ കണ്ടെത്താൻ കഴിഞ്ഞു. നിരീക്ഷണ ക്യാമറകള്‍ വന്നതോടെ സംസ്ഥാനത്തെ ഹൈവേകളില്‍ വാഹന അപകടങ്ങളുടെ എണ്ണവും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണ ക്യാമറാസംവിധാനം കൂടുതല്‍ ശക്തമാക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു.