മുംബൈ ജുവനൈല്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ പതിനേഴുകാരന്‍ മരിച്ചു

single-img
29 May 2015

Aamir_0മുംബൈ: മുംബൈ ജുവനൈല്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ പതിനേഴുകാരന്‍ മരിച്ചു. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊവൈ സ്വദേശി ആമിര്‍ അഹ്മദാണ് മരിച്ചത്.  ആമിറിന്റെ മരണത്തില്‍ മാതുംഗയിലെ ഡേവിഡ് സാസൂണ്‍ ജുവനൈല്‍ ഹോമിലെ ജയില്‍ വാര്‍ഡനെതിരേയും രണ്ട് സഹതടവുകാര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. ഐപിസി 302 പ്രകാരം കൊലപാതക കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏപ്രില്‍ 17നാണ് ആമിര്‍ ജുവനൈല്‍ ഹോമിലെത്തിയത്. ക്രൂരമായി മര്‍ദ്ദനമേറ്റ് ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആമിര്‍. താന്‍ ക്രൂരമായി ശാരീരിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയനായതായി മരിക്കുന്നതിന് മുമ്പ് ആമിര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആമിറിന്റെ ശരീരത്തില്‍ മുളവടികൊണ്ട് അടിയേറ്റ പാടും പൊള്ളലേറ്റപാടും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.  മെയ് 18ന് സഹതടവുകാര്‍ ആമിറിനോട് മയക്കുമരുന്ന് സംഘടിപ്പിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആമിര്‍ തിരസ്‌കരിച്ചെന്നും ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേസമയം മെയ് 18ന് രാത്രി ആമിറും മറ്റ് രണ്ട് സഹതടവുകാരും ജുവൈനല്‍ ഹോമില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് മഹേഷ് പട്ടീല്‍ പറയുന്നു. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ആമിറിനെ സഹതടവുകാരന്റെ സഹായത്തോടെ വാര്‍ഡന്‍ പിടികൂടിയെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 20ന് ജാമ്യത്തില്‍ ഇറങ്ങിയ ആമിറിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആമിറിന്റെ വാരിയെല്ല് പൊട്ടിയിരുന്നുവെന്നും നെഞ്ചില്‍ രക്തം കട്ടപിടിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.