ആറന്മുള വിമാനത്താവളം; കരിമാരന്‍തോട് പുനഃസ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

single-img
29 May 2015

aranmula airportപത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയോടനുബന്ധിച്ചുണ്ടായിരുന്ന കരിമാരന്‍തോട് പുനഃസ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതിനെ എതിര്‍ത്ത് വിമാനത്താവള കമ്പനി കെ.ജി.എസ് ഉന്നയിച്ച തടസ്സവാദങ്ങള്‍ കളക്ടര്‍ എസ്.ഹരികിഷോര്‍ തള്ളിയിരുന്നു. മണ്ണ് നീക്കി തോട് പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ സമയപരിധി വ്യാഴാഴ്ച അവസാനിക്കെയാണ് കളക്ടറുടെ നടപടി.

വിമാനത്താവള ഭൂമിയോടുചേര്‍ന്ന് മല്ലപ്പുഴശ്ശേരി, ആറന്മുള വില്ലേജുകളിലായി 2.57 ഹെക്ടര്‍ ഭൂമിയിലാണ് തോടുണ്ടായിരുന്നത്. ഇതില്‍ 1.85 ഹെക്ടറാണ് മണ്ണിട്ട് നികത്തിയത്. മണ്ണ് നീക്കുന്നതു സംബന്ധിച്ച് സമയക്രമങ്ങളൊന്നും ഉത്തരവില്‍ വ്യക്തമല്ല. ഒഴിവാക്കേണ്ട പതിനായിരക്കണക്കിന് ലോഡ് മണ്ണ് എന്തുചെയ്യുമെന്നതുസംബന്ധിച്ചും തീരുമാനമായിട്ടില്ല. റെയില്‍വേയുമായി ഇത് സംബന്ധിച്ചു നടന്ന ചര്‍ച്ചകള്‍ ഫലവത്തായിട്ടില്ല.

2013 സപ്തംബര്‍ 10ന് തോട് പുനഃസ്ഥാപിക്കണമെന്ന് ലാന്‍ഡ് റവന്യു കമ്മീഷന്‍ ഉത്തവിട്ടു. ഇത് നടപ്പാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് മല്ലപ്പുഴശ്ശേരി സ്വദേശി മോഹനന്‍ ഹൈക്കോടതിയെ സമീപിച്ചു. തോട് മണ്ണിട്ടുനികത്തിയതോടെ ആറന്മുള പുഞ്ചയിലെ കൃഷി നിലച്ചെന്നും കൃഷി പുനഃരാരംഭിക്കാന്‍ തോട് പൂര്‍വസ്ഥിതിയിലാക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

തുടർന്ന് 2014 ജൂണ്‍ 16ന് തോട് പുനഃസ്ഥാപിക്കാനും കൈയേറ്റം ഒഴിപ്പിക്കാനും ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് ഒരു മാസത്തെ സമയപരിധിയും കോടതി നല്‍കി. രണ്ട് പ്രാവശ്യം ജില്ലാകളക്ടര്‍ കോടതിയില്‍നിന്ന് സമയപരിധി കൂട്ടിവാങ്ങി. ഉത്തരവ് നടപ്പാക്കാത്തതിന് കളക്ടര്‍ക്കെതിരെ നിലവില്‍ കോടതിയലക്ഷ്യക്കേസുണ്ട്.

ഇതിനിടെ ഭൂമിയുടെ അവകാശികളായ തങ്ങളുടെ ഭാഗം കുടി കോള്‍ക്കണമെന്നാവശ്യപ്പെട്ട് വിമനത്താവളകമ്പനിയായ കെ.ജി.എസ് റിവ്യൂ പെറ്റീഷന്‍ നല്‍കി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ കമ്പനിയുടെ വാദവും കേട്ടിരുന്നു. രണ്ടര ഹെക്ടറോളം വരുന്ന തോടുപുറമ്പോക്ക് വിപണിവിലയ്ക്ക് സര്‍ക്കര്‍ നല്‍കുമെന്ന് കെ.ജി.എസ് വാദിച്ചെങ്കിലും കളക്ടര്‍ ഇത് അംഗീകരിച്ചില്ല.