കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ ഡൽഹിയിലെ അധികാരപരിധിയെച്ചൊല്ലിയുള്ള തര്‍ക്കം കോടതിയിലേക്ക്

single-img
29 May 2015

Kejriwal_SADകേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ ഡൽഹിയിലെ അധികാരപരിധിയെച്ചൊല്ലിയുള്ള തര്‍ക്കം കോടതിയിലേക്ക്.   നിയമനങ്ങളിൽ ലഫ്. ഗവർണർക്കു പൂർണ അധികാരം നൽകിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം സംശയാസ്പദമാണെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്  പിന്നാലെയാണു വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.  കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതിയും സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതിയും ഇന്നു പരിഗണിക്കും.

ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം മറികടക്കുന്നതിനു നടപടിയെടുക്കണമെന്നു ഡൽഹി നിയമസഭ കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണു സ്റ്റാന്റിങ് കൗൺസൽ രാമൻ ദുഗ്ഗൽ വഴി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരത്തിന്മേൽ കൈകടത്തുന്ന വിജ്ഞാപനം റദ്ദാക്കണമെന്നാണു ഹർജിയിലെ ആവശ്യം.

ഡൽഹി അഴിമതിവിരുദ്ധ ബ്യൂറോയുടെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിലെ ഭാഗം സംശയാസ്പദമാണെന്നു ഹൈക്കോടതി നേരത്തേ പരാമർശിച്ചിരുന്നു. അഴിമതി കേസിൽ പ്രതികളായ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം. ഇതു നീക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാർ നൽകിയ അവധിയപേക്ഷ സുപ്രീം കോടതി ഇന്നാണു പരിഗണിക്കുന്നത്.

അതേസമയം, കേന്ദ്രസർക്കാരിനെതിരായ പോരാട്ടം പാർലമെന്റിലേക്കു വ്യാപിപ്പിക്കുന്നതിനു പിന്തുണ ആവശ്യപ്പെട്ടു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാർക്കു കത്തെഴുതി. മമത ബാനർജി, നിതീഷ് കുമാർ, അഖിലേഷ് യാദവ് എന്നിവർ പിന്തുണ അറിയിച്ചതായി ആം ആദ്മി പാർട്ടി പറഞ്ഞു. അതിനിടെ കേന്ദ്ര വിജ്ഞാപനത്തിനീതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ്. ഗവർണർ നജീബ് ജങ്, ആഭ്യന്തര സെക്രട്ടറി എൽ.സി. ഗോയലുമായി ചർച്ച നടത്തിയിരുന്നു.