വിഴിഞ്ഞം തുറമുഖം; സഹകരണത്തിനായി എല്ലാവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അദാനി അറിയിച്ചതായി ശശിതരൂര്‍

single-img
29 May 2015

sasi_tharoorതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ലഭിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് സഹകരണത്തിനായി എല്ലാവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അദാനി അറിയിച്ചതായി ശശിതരൂര്‍ എം.പി. താനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിരവധി തവണ അദാനിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ശശിതരൂര്‍ പ്രസ്താവനയില്‍ അറിയിച്ചു.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഈ അവസരം നമ്മള്‍ ഉപയോഗിക്കണം. ഇപ്പോള്‍ അദാനി പോര്‍ട്ടിനെതിരെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ കാരണം നമ്മള്‍ രംഗത്തുവന്നാല്‍ അവര്‍ കുളച്ചലിലേക്ക് പോവും. ഇത് കേരളത്തിനോ രാജ്യത്തിനോ ഗുണം ചെയ്യില്ല.  പദ്ധതി അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ലോബികളും സ്ഥാപിത താത്പര്യക്കാരും ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്.

രാഷ്ട്രീയവ്യത്യാസങ്ങള്‍ മൂലം നമ്മള്‍ ഇത്തരം ശക്തികളുടെ കൈകളിലെ കളിപ്പാവകളായി മാറിയാല്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാനുള്ള അവസാന അവസരവും നാടിന് നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ചേര്‍ന്ന് വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ പറ്റിയ തുറമുഖങ്ങള്‍ നമ്മുടെ രാജ്യത്തില്ലാത്തത് കാരണമാണ് നമുക്ക് വിദേശ തുറമുഖങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത്.

ഏഷ്യ-പസഫിക്, അറ്റ്‌ലാന്റിക് റിം കപ്പല്‍ ചാലുകള്‍ക്ക് വളരെ അടുത്താണ് വിഴിഞ്ഞത്തിന്റെ സ്ഥാനം. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിന് സ്വാഭാവികമായി തന്നെ 24 മീറ്റര്‍ ആഴമുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും തുറമുഖ നിര്‍മ്മാണത്തിന്റെ ചെലവ്, നിലവിലുള്ള അന്താരാഷ്ട്ര – ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നുള്ള മത്സരം എന്നിവ വര്‍ദ്ധിക്കും.

മാത്രമല്ല പുതിയ തുറമുഖങ്ങള്‍ ഈ സമയം കൊണ്ട് നിലവില്‍ വരികയും വികസിക്കുകയും ചെയ്യും. ഇത്തരം ഘടകങ്ങള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത ഇല്ലാതാക്കും. ഇപ്പോള്‍ ഇല്ലെങ്കില്‍ ഇനിയില്ല എന്ന സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന് ഓരോരുത്തരും മനസ്സിലാക്കണമെന്നും ശശിതരൂര്‍ പറഞ്ഞു.