ആഹാരം കഴിച്ചിട്ട് ദിവസങ്ങളായ സിറിയന്‍ ബാലന്‍ ജീവന്‍ നിലനിര്‍ത്താന്‍ പുല്ലു തിന്നുന്നുവെന്ന സത്യം വര്‍ത്തമാന സിറിയന്‍ ബാല്യത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു

single-img
28 May 2015

Boy Syriaആഹാരം കഴിച്ചിട്ട് ദിവസങ്ങളായ സിറിയന്‍ ബാലന്‍ ജീവന്‍ നിലനിര്‍ത്താന്‍ പുല്ലു തിന്നുന്ന വീഡിയോ വര്‍ത്തമാന സിറിയന്‍ ബാല്യത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. ഐഎസ് തീവ്രവാദികളും സിറിയന്‍ സൈന്യവും രൂക്ഷ പോരാട്ടം നടത്തുന്ന സിറിയയില്‍ നിന്നും പകര്‍ത്തിയതെന്ന് കരുതുന്ന ഈ വീഡിയോയില്‍ ഭക്ഷണം കണ്ടിട്ടുതന്നെ ദിവസങ്ങളായെന്നും ഇപ്പോള്‍ ജീവന്‍ നിലര്‍നിര്‍ത്തുന്നത് പുല്ലുതിന്നാണെന്നും പറയുന്ന ബാലന്റെ സംസാരം കാണുന്നവരില്‍ ഒരു നൊമ്പരമായി പടര്‍ന്നുകയറുകയാണ്.

അഞ്ചു വയസ്സ് തോന്നിക്കുന്ന ബാലനാണ് വീഡിയോയില്‍ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ദുരന്തമുഖമായി ദൃശ്യമാകുന്നത്. വിളറി ചെളിപിടിച്ച മുഖവും പാറിപ്പറന്ന മുടിയും തിളക്കമില്ലാത്ത കണ്ണുകളുമായി ഇടിഞ്ഞുപൊളിഞ്ഞ ഒരു മുറിയിലാണ് പയ്യന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആരോ വിശക്കുന്നുണ്ടോ കുട്ടി എന്നു ചോദിക്കുമ്പോള്‍ ഉണ്ടെന്ന് പറയുന്ന പയ്യനോട് ആഹാരം കഴിച്ചിട്ട് എത്ര ദിവസമായി എന്ന ചോദ്യത്തിന് രണ്ടു ദിവസമെന്നാണ് മറുപടി പറയുന്നത്.

തുടര്‍ന്ന് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നയാളോട് അഭിമുഖം നടത്തുന്നയാള്‍ കുട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ പറയുന്നു. ഇതിനിടയില്‍ ജീവന്‍ നിലനിര്‍ത്താന്‍ എന്താണ് കഴിക്കുന്നതെന്ന ചോദ്യത്തിന് പുല്ല് തിന്നുന്നെന്നാണ് ഉത്തരം. പയ്യന്‍ ആരാണെന്നോ വീഡിയോ ആരാണ് പകര്‍ത്തിയതെന്നോ വ്യക്തമല്ല. ഈ അജ്ഞാതവീഡിയോ പോരാട്ടം കനത്ത നാശം വിതച്ച അലെപ്പോയില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് കരുതുന്നു.

സിറിയയില്‍ ജനം അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് ഈ വീഡിയോ. ജനങ്ങള്‍ ഭക്ഷണത്തിനായി കൈനീട്ടുന്ന അവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തിയിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.