രാജ്യത്ത് കുറ്റവാളികൾക്ക് നൽകുന്ന വധശിക്ഷ രഹസ്യമായും വേഗത്തിലും നടപ്പാക്കരുതെന്ന് സുപ്രീംകോടതി

single-img
28 May 2015

hanging-ropeരാജ്യത്ത് കുറ്റവാളികൾക്ക് നൽകുന്ന വധശിക്ഷ രഹസ്യമായും വേഗത്തിലും നടപ്പാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളും മറ്റു ജനങ്ങൾക്ക് ലഭിക്കുന്നതിനു തുല്യമായ  മര്യാദ അർഹിക്കുന്നുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവർക്ക് അർഹമായ എല്ലാവിധ നിയമസഹായങ്ങളും നൽകണം. കുറ്റവാളികൾക്ക് കുടുംബാംഗങ്ങളെ കാണാനുള്ള സാഹചര്യം ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

2008ൽ ഉത്തർപ്രദേശിൽ കുടുംബ സ്വത്തിനു വേണ്ടി പത്തു മാസം പ്രായമുള്ള കുഞ്ഞിനെ അടക്കം കുടുംബത്തിലെ ഒമ്പതു പേരെ കൊലപ്പടുത്തിയ കേസിൽ ഷബ്നം,​ കാമുകൻ സലിം എന്നിവരുടെ വധശിക്ഷ നടപ്പാക്കാനുള്ള സെഷൻസ് കോടതിയുടെ വാറണ്ട് റദ്ദാക്കി കൊണ്ടുള്ള കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പറയുന്നത് പോലെ ജീവിക്കാനുള്ള അവകാശം വധശിക്ഷ വിധിക്കപ്പെട്ടു എന്നതു കൊണ്ട് അവസാനിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി . തൂക്കുമരം വിധിക്കപ്പെട്ട കുറ്റവാളികളുടെ മാന്യത  സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ 2013ൽ തിഹാർ ജയിലിൽ രഹസ്യമായി തൂക്കിലേറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഗുരുവിന്റെ ബന്ധുക്കളെ അറിയിക്കാതെയായിരുന്നു യു.പി.എ സർക്കാരിന്റെ ഇത്തരത്തിലുള്ള നടപടി. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി കുറ്റവാളിക്ക് നോട്ടീസ് നൽകണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയും സുപ്രീംകോടതി പ്രത്യേകം എടുത്തു പറഞ്ഞു.