ബോഫോഴ്‌സ് ഇടപാടിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗം മാറ്റിയില്ലെങ്കില്‍ രാഷ്ട്രപതിയുടെ സ്വീഡന്‍ സന്ദര്‍ശനം റദ്ദാക്കുമെന്ന് ഇന്ത്യൻ അംബാസഡര്‍ ഭീഷണിപ്പെടുത്തിയതായി സ്വീഡിഷ് പത്രം

single-img
28 May 2015

pranabന്യൂഡല്‍ഹി: ബോഫോഴ്‌സ് ഇടപാടിനെ കുറിച്ച് പരാമർശിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഭിമുഖം എഡിറ്റ് ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി സ്വീഡിഷ് പത്രം.  പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രാഷ്ട്രപതി ബോഫോഴ്‌സ് ഇടപാടില്‍ അഴിമതിയില്ലെന്ന് പറഞ്ഞിരുന്നു. പരാമര്‍ശം ഉള്‍പ്പെടുന്ന ഭാഗം മാറ്റിയില്ലെങ്കില്‍ രാഷ്ട്രപതിയുടെ സ്വീഡന്‍ സന്ദര്‍ശനം റദ്ദാക്കുമെന്നും ഇന്ത്യയുടെ സ്വീഡനിലെ അംബാസഡര്‍ ബനശ്രീ ബോസ് ഹാരിസണ്‍ ഭീഷണിപ്പെടുത്തിയെന്നും സ്വീഡിഷ് പത്രമായ ഡാഗന്‍സ് നിഹതറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പീറ്റര്‍ വുളുഡാര്‍സ്‌കി വെളിപ്പെടുത്തിയത്.

അംബാസഡര്‍ ആദ്യം ഫോണില്‍ വിളിച്ചാണ് അഭിമുഖത്തിലെ ബോഫേഴ്‌സ് പരാമര്‍ശങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഔദ്യോഗികമായി കത്തുമയച്ചു. ഒരു രാഷ്ട്രത്തലവന് നല്‍കേണ്ട ബഹുമാനം പത്രം നല്‍കിയില്ലെന്ന് കത്തില്‍ ആരോപിക്കുന്നു. ഈ കത്തും പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടേത് നാക്കുപിഴവായിരുന്നുവെന്നും അംബാസഡറുടെ കത്തില്‍ പറയുന്നു. അബദ്ധത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത് മാധ്യമധര്‍മ്മത്തിന് ചേര്‍ന്നതല്ല. അഭിമുഖത്തിനൊടുവില്‍ ചോദിച്ച ചോദ്യം പത്രത്തിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്ത വീഡിയോയില്‍ ആദ്യത്തേതായി ചേര്‍ത്തത് ശരിയായില്ലെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് രാഷ്ട്രപതിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബോഫേഴ്‌സ് ഇടപാട് അഴിമതിയല്ലെന്നും മാധ്യമവിചാരണയാണെന്നുമാണ് രാഷ്ട്രപതി കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്വീഡിഷ് കമ്പനിയായ ബോഫോഴ്‌സുമായി 1986ലാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1,500 കോടിയുടെ ആയുധ കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ അനുവദിച്ചുകിട്ടുന്നതിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും പ്രതിരോധ ഉദ്യോഗസ്ഥരും വന്‍ തുക കൈപ്പറ്റി എന്ന് സ്വീഡിഷ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദമായത്. മൂന്ന് വര്‍ഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഈ വിവാദം കാരണമായിരുന്നു.