സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്; കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം

single-img
26 May 2015

Harthalന്യൂഡല്‍ഹി: സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്കിന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതി ബില്ലിനെതിരെയാണ് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നത്.  പതിനൊന്ന് തൊഴിലാളി സംഘടനകളും ദേശീയ ഫെഡറേഷനുമാണ് പണിമുടക്കില്‍ പങ്കെടുക്കുക.

തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനെന്ന പേരിലാണ് കമ്പനികള്‍ക്ക് അനുകൂലമാവിധം വ്യവസ്ഥകളില്‍ കാതലായ മാറ്റം വരുത്തുന്നത്. പുതിയ ബില്ലിലെ നിര്‍േദശപ്രകാരം മുന്നൂറ് തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനോ കമ്പനി ലേ ഓഫ് ചെയ്യുന്നതിനോ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതാകും.

കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്ലിലാണ് തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് വ്യവസായ മേഖലയില്‍ സമരങ്ങള്‍ക്കും മിന്നല്‍ പണിമുടക്കുകള്‍ക്കും കര്‍ശന നിയന്ത്രണം വരും. സമരവും ലോക്കൗട്ടും പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.

പണിമുടക്ക് നടത്തില്ലെന്ന് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നിയമനം നല്‍കുമ്പോള്‍ തന്നെ കരാറില്‍ ഒപ്പിടണം. ഇത് ലംഘിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. ലംഘിച്ച് പണിമുടക്കിയാല്‍ 20,000 രൂപവരെ തൊഴിലാളിക്ക് പിഴ ചുമത്താനും നിര്‍ദിഷ്ട ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴിലുടമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ തൊഴിലാളിക്ക് അവകാശമില്ലെന്നും സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.