എയിംസിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആറു വയസുകാരിയുടെ ഇരുവൃക്കകളും നീക്കം ചെയ്തതായി പരാതി

single-img
26 May 2015

AIIMSന്യൂഡൽഹി: എയിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആറു വയസുകാരിയുടെ ഇരുവൃക്കകളും നീക്കം ചെയ്തതായി പരാതി. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ എയിംസിലെ ഡോക്ടർക്കെതിരെ  പെൺകുട്ടിയുടെ പിതാവ് പവൻ കുമാർ ഡൽഹി ഹൗസ് ഖാസ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ എയിംസിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ഇടതു വശത്തെ വൃക്കയ്ക്ക്  തകരാർ കണ്ടെത്തിയിരുന്നു. തുടർന്ന് തകരാറിലായ വൃക്ക നീക്കം ചെയ്യണമെന്ന് എയിംസിലെ പീഡിയാട്രീഷൻ വിഭാഗം സീനിയർ സർജൻ നിർദ്ദേശിക്കുകയായിരുന്നു.

മാർച്ച് 14ന് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും വൃക്ക നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ,​ കുറച്ചു ദിവസങ്ങൾക്കു ശേഷം കുട്ടിക്ക് ശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് നടത്തിയ സി.ടി സ്കാൻ പരിശോധനയിൽ പെൺകുട്ടിയുടെ ഇരു വൃക്കകളും നീക്കം ചെയ്യപ്പെട്ടതായി വ്യക്തമായതും പൊലീസിൽ പാരാതി നൽകുന്നതും.

അതേസമയം,​ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ എയിംസ് അധികൃതർ സീനിയർ പ്രൊഫസർമാരുടെ ഉന്നതതല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ പിതാവ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗൗരവമേറിയതിനാൽ ഉന്നതതല സംഘം മേയ് 20ന് യോഗം ചേർന്നിരുന്നു. പിന്നീട് ഈ ആഴ്ച മറ്റൊരു യോഗം കൂടി ചേർന്ന ശേഷം എയിംസ് അധികാരികൾക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.