രാജ്യം കൊടുംചൂടിൽ;ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 750 കടന്നു

single-img
26 May 2015

hotഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലും കത്തുന്ന ചൂടിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 750 കടന്നു. ഇതില്‍ 551 പേരും മരിച്ചത് ആന്ധ്രയിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ചൂടാണ് തെലങ്കാന മേഖലയില്‍ രേഖപ്പെടുത്തിയത്. ഉഷ്ണവാതം(ഹീറ്റ് വേവ്) ആന്ധ്രയിലും തെലങ്കാനയിലും ശക്തമായി തുടരുകയാണ്.

മെയ് 30വരെ ചൂടിനു ശമനമുണ്ടാവില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ തിങ്കളാഴ്ച പകല്‍ ചൂട് 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.  വ്യാഴാഴ്ചയോടെ പഞ്ചാബ്, ഹരിയാണ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്.

പശ്ചിമബംഗാളിലെകൊടുംചൂടിനെ തുടർന്ന് കൊല്‍ക്കത്തയില്‍ രാവിലെ 11മുതല്‍ വൈകിട്ട് നാലുവരെ സര്‍വീസ് നടത്തേണ്ടെന്ന് ടാക്‌സി തൊഴിലാളിസംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കടുത്ത ചൂടേറ്റ് ടാക്‌സി ഡ്രൈവര്‍ മരിച്ചതോടെയാണ് ഉച്ചസമയത്ത് വാഹനം ഓടേണ്ടെന്ന് തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലും ചില പ്രദേശങ്ങളില്‍ ചൂട് 48 ഡിഗ്രിയോടടുത്തു. അലഹാബാദില്‍ 47.7 ഡിഗ്രിയായിരുന്നു താപനില. സംസ്ഥാനത്തെ റെക്കോഡ് ചൂടാണിത്. 2005 മെയ് 26-നാണ് ഇതിനുമുമ്പ് ഏറ്റവുംകൂടിയ ചൂട് 44.7 ഡിഗ്രി സെല്‍ഷ്യസാണു രേഖപ്പെടുത്തിയത്.

ജാര്‍ഖണ്ഡിലെ ജാംഷെഡ്പുരും പകല്‍ വെന്തുരുകുകയാണ്. 44.8 ഡിഗ്രിയാണ് തിങ്കളാഴ്ച ഇവിടത്തെ ചൂട്. സാധാരണ ഈ സമയത്തുണ്ടാവുന്നതിനെക്കാള്‍ നാലുഡിഗ്രി അധികം. ഒഡിഷയിലും ചിലപ്രദേശങ്ങളില്‍ ചൂട് 45 ഡിഗ്രിക്കു മുകളിലെത്തി.രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ ഞായറാഴ്ച ചൂട് 46.5 ഡിഗ്രിയിലെത്തിയിരുന്നു.