അമേത്തിയിലെ 25,000 സ്ത്രീകളുടെ ഇൻഷുറൻസ് തുക അടയ്ക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

single-img
26 May 2015

smrithഅമേത്തി:  സ്വന്തം ചിലവിൽ അമേത്തിയിലെ 25,000 സ്ത്രീകൾക്കായി ഇൻഷുറൻസ് തുക അടയ്ക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഗ്ദാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ച് പരാജയപ്പെട്ടതിന്റെ മധുരപ്രതികാരമായിട്ടാണ് മണ്ഡലത്തിൽ സ്മൃതി വാഗ്ദാനപ്പെരുമഴ നടത്തുന്നത്.

ദീപാവലിക്കു മുമ്പായി അമേത്തിയിലെ തന്റെ സഹോദരിമാരുടെ സുരക്ഷാ ഭീമാ യോജന അടച്ചു തീർക്കുമെന്ന്  കേന്ദ്രസർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേഠിയിലെത്തിയ മന്ത്രി വ്യക്തമാക്കി. രാഹുലിന്റെ ജനസമ്മിതിക്ക് ഭീഷണി ഉയർത്തിക്കൊണ്ട് മണ്ഡലത്തിനു സമ്മാനിക്കാൻ നിരവധി പദ്ധതികളുമായാണ് സ്മൃതി ഇറാനിയുടെ ഇത്തവണത്തെ വരവ്.

കർഷകർക്കായി മണ്ണു പരിശോധനശാലയും പത്തു വർഷത്തേക്ക് ഒരു റെയിൽവേ റാക്ക് നിറയെ വളവും വാഗ്ദാനം ചെയ്ത ഇവർ വളത്തിന്റെ ആദ്യ റാക്ക് കഴിഞ്ഞ ദിവസം തന്നെ ഗൗരിഗഞ്ചിൽ എത്തിയതായി അറിയിച്ചു. പത്തു വർഷം കൊണ്ടും നടപ്പാക്കാത്തവയല്ല, മറിച്ച് പത്തു ദിവസത്തിൽ ഫലം കാണുന്നവയാണ് തന്റെ വാഗ്ദാനങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു.