ബൊഫോഴ്‌സ് ആയുധ ഇടപാട് അഴിമതിയല്ല; കേസില്‍ മാധ്യമ വിചാരണ മാത്രമാണ് നടന്നത്-രാഷ്ട്രപതി പ്രണബ് മുഖര്‍ജി

single-img
26 May 2015

pranab-mukherjee2012ന്യൂഡല്‍ഹി: ബൊഫോഴ്‌സ് ആയുധ ഇടപാട് അഴിമതിയല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പ്രതികൂട്ടിലാക്കിയ ഇടപാടിനെ കുറിച്ച് ഒരു ഇന്ത്യന്‍ കോടതിയും അങ്ങനെ പറഞ്ഞിട്ടില്ല. കേസില്‍ മാധ്യമ വിചാരണ മാത്രമാണ് നടന്നതെന്നും രാഷ്ട്രപതി ആരോപിച്ചു. സ്വീഡിഷ് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.

‘ബൊഫോഴ്‌സ് ഇടപാട് അഴിമതിയാണെന്ന് തെളിഞ്ഞിട്ടില്ല. ആയുധ ഇടപാട് അഴിമതിയാണെന്ന് ഒരു ഇന്ത്യന്‍ കോടതിയും പറഞ്ഞിട്ടില്ല.  ഏറെകാലം രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന ആളാണ് താന്‍. തന്റെ കീഴിലുണ്ടായിരുന്ന സൈനിക മേധാവിമാര്‍ എല്ലാവരും ബൊഫോഴ്‌സ് തോക്കുകള്‍ തങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ലതാണെന്നാണ് വിലയിരുത്തിയിരുന്നു. ഇന്ത്യന്‍ സൈന്യം ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച ബോഫോഴ്‌സ് ആയുധ ഇടപാട് 1986 മാര്‍ച്ച് 24നാണ് നടന്നത്.  1437 കോടിയുടെ കരാറില്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഇറ്റലിയിലെ ആയുധ വ്യാപാര ഇനടനിലക്കാരനുമായ ഒട്ടാവിയോ ക്വട്ട്‌റോച്ചിയും 40 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബൊഫോഴ്‌സ് ഇടപാട് വിവാദമായതിനെ തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.