11 വയസ്സില്‍ ലോകപ്രശസ്തമായ കോളേജില്‍ നിന്നും ഗണിതം, ശാസ്ത്രം, വിദേശഭാഷാപഠനം എന്നിവയില്‍ മൂന്ന് ബിരുദങ്ങള്‍ ഒരുമിച്ച് നേടി ലോകത്തെ അത്ഭുതപ്പെടുത്തി തനിഷ്‌ക് മാത്യൂ

single-img
25 May 2015

Tanishkഅമേരിക്കയിലെ ലോക പ്രശസ്തമായ സക്രൊമെന്റോ റിവര്‍ കോളേജില്‍നിന്നും വെറും 11 വയസ്സില്‍ മൂന്ന് ബിരുദങ്ങള്‍ ഒരുമിച്ച് നേടി മലയാളി ബാലന്‍ അത്ഭുതം സൃഷ്ടിച്ചു. അമേരിക്കന്‍ റിവര്‍ കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി, മലയാളിയായ ബിജു എബ്രഹാമിന്റെയും ടാജിയുടെയും മകനായ തനിഷ്‌ക് മാത്യൂ മാറിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമപോലും വിസ്മയിച്ചു.

ഗണിതം, ശാസ്ത്രം, വിദേശഭാഷാപഠനം എന്നിവയിലാണ് തനിഷ്‌ക് ബിരുദം നേടിയത്. 10 ആം വയസ്സില്‍ ഹൈസ്‌കൂള്‍ ഗ്രാജുവേറ്റ് ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയായ തനിഷ്‌ക് 2015 മെയ് 20 ന് നടന്ന ബിരുദ ദാന ചടങ്ങില്‍ റെയ്ന്‍ബോ കളര്‍ സ്‌കാര്‍ഫും ക്യാപും ധരിച്ച് ആയിരത്തി എണ്ണൂറോളം ഗ്രാജുവേറ്റ് വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നപ്പോള്‍ എല്ലാവരും ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അഭിവാദ്യം ചെയ്തു.

സ്‌കൂളില്‍ പോയി വിദ്യാഭ്യസം നടത്താതെ അമ്മയുടെ ശിക്ഷണത്തില്‍ വീട്ടിലിരുന്നായിരുന്നു തനിഷ്‌കിന്റെ പഠനം. ഏഴ് വയസ് മുതല്‍ അമേരിക്കന്‍ റിവര്‍ കമ്മ്യൂണി കോളേജില്‍ പഠനം തുടരുന്നതിനായി മാതാവാണ് കുട്ടിയെ കോളേജില്‍ എത്തിച്ചത്. അനുജത്തി ടിയാറ തങ്കം എബ്രഹാമും നാലാംവയസ്സിലേ മെന്‍സയില്‍ അംഗമാണ്. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കുവേണ്ടി ജ്യോതിശ്ശാസ്ത്ര സംബന്ധമായ ബ്ലോഗെഴുതിയും തനിഷ്‌ക് തന്റെ കഴിവ് പ്രകടിപ്പിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ പോലും, തനിഷ്‌ക്കിന്റെ കഴിവില്‍ അതിശയപ്പെട്ട് തനിഷ്‌കിനെ അഭിനന്ദിച്ചിരിക്കുകയാണ്. ഭാവിയില്‍ ഡോക്ടറും വൈദ്യശാസ്ത്ര ഗവേഷകനും ഒപ്പം യു.എസ്. പ്രസിഡന്റുമാകണമെന്നാണ് തനിഷ്‌കിന്റെ മനസ്സില്‍.