നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനത്തിന്‍െറ ചെലവ് എത്രയെന്ന് വെളിപ്പെടുത്താത്ത പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ നടപടി ശരിയല്ല; എല്ലാ മന്ത്രിമാരുടെയും യാത്രച്ചെലവിന്‍െറ വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പുറത്തുവിടണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍

single-img
25 May 2015

modi_wharton_bjpapന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനത്തിന്‍െറ ചെലവ് എത്രയെന്ന് വെളിപ്പെടുത്താത്ത പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ നടപടി ശരിയല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. കൂടാതെ എല്ലാ മന്ത്രിമാരുടെയും യാത്രച്ചെലവിന്‍െറ വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പുറത്തുവിടണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിയോഗിച്ച സമിതി നിര്‍ദേശിച്ചു. മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ എ.എന്‍ തിവാരി, വിവരാവകാശ കമീഷണര്‍ എം.എം അന്‍സാരി എന്നിവരടങ്ങിയ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

2012ല്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, എല്ലാ മന്ത്രിമാരുടെയും രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശനത്തിന്‍െറ ചെലവ് വെളിപ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി കമ്മിറ്റി ഓര്‍മിപ്പിച്ചു. എല്ലാ മൂന്നുമാസവും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കണം. മന്ത്രിമാര്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, കൂടിക്കാഴ്ച നടത്തിയ വ്യക്തികള്‍ എന്നിവയുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളെ ശാക്തീകരിക്കുന്നതിന് രഹസ്യ മറ ഒഴിവാക്കുന്നതാണ് അഭികാമ്യം. സുതാര്യമായ ഭരണത്തിലൂടെ മാത്രമേ സര്‍ക്കാറിന് ജനങ്ങളുമായി കൂടുതല്‍ അടുക്കാനാവുകയുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.