തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 500 ല്‍ 500 മാര്‍ക്കും വാങ്ങി സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയ മലയാളിയായ മെറിന്‍ കെ. വര്‍ഗ്ഗീസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമോദനം

single-img
23 May 2015

Merinമെറിന്‍ കെ. വര്‍ഗ്ഗീസ് തമിഴ്‌നാട്ടില്‍ ചരിത്രമെഴുതി. തമിഴ്‌നാട് സര്‍ക്കാരിന്റെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 500 ല്‍ 500 മാര്‍ക്ക് നേടി സംസ്ഥാനത്തെ ഒന്നാം റാങ്ക് നേടിയാണ് മെറിന്‍ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറത്ത് ഒരുമലയാളി ആദ്യമായി കൈവരിക്കുന്ന ഈ സുവര്‍ണ്ണ നേട്ടത്തിനൊപ്പം കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമോദനവും മെറിനെ തേടിയെത്തി.

തിരുനെല്‍വേലി ജില്ലയിലെ പഴയ കുറ്റാലം ഹില്‍ട്ടണ്‍ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ നിന്നും സംസ്‌കൃതം ഒന്നാം ഭാഷയായി പഠിച്ചാണ് മെറിന്‍ ഈ സ്വപ്നവിജയം സ്വന്തമാക്കിയത്. കുറ്റാലം സൃഷ്ടി ഗാര്‍ഡന്‍സ് റിസോര്‍ട്ട് ഉടമയായ വര്‍ഗീസിന്റെയും ഷീജയുടെയും മൂത്തമകളും ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടില്‍ വൈദ്യന്‍പറമ്പില്‍ ചാരിന്റെ തെക്കേതില്‍ കെ കുഞ്ഞപ്പിയുടെയും തങ്കമ്മയുടെയും പൌത്രിയുമാണ് മെറിന്‍.

സംസ്‌കൃതം, ഇംഗ്ലീഷ്, ഗണിതം, സയന്‍സ്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും മെറിന്‍ വാങ്ങിയിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, മറ്റ് അദ്ധ്യാപകര്‍ എന്നിവര്‍ക്ക് മെറിന്‍ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് സമര്‍പ്പിക്കുന്നു. ബഹിരാകാശ ഗവേഷണമാണ് തന്റെ ഇഷ്ട വിഷയമെന്നും ഇനി അതിലേക്കുള്ള മുന്നൊരുക്കത്തിലാണെന്നും മെറിന്‍ സൂചിപ്പിച്ചു.