കോടതിയുടെ കരുണയില്‍ ഒടുവില്‍ റൂബിന ഷെയ്ഖിനും റഫീഖ് ഷെയ്ഖിനും തങ്ങളുടെ മക്കളെ തിരിച്ചുകിട്ടി

single-img
23 May 2015

rubina-with-children

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവിലെ ചവറ്റുകുട്ടയില്‍ ആരോ ഉപേക്ഷിച്ച് പോയ രണ്ട് പെണ്‍കുട്ടികളെ സ്വന്തം മക്കളായി വളര്‍ത്തിയ വൃദ്ധ ദമ്പതിമാര്‍ക്ക് ഒടുവില്‍ കോടതിയുടെ കരുണ. കുട്ടികളുടെ അവകാശവുമായെത്തിയ സ്ത്രീക്കുവേണ്ടി പോലീസ് കുട്ടികളെ പിടിച്ചുകൊണ്ടുപോയ നടപടി തടഞ്ഞ് കുട്ടികളെ അവര്‍ക്കു തന്നെ ഏല്‍പ്പിച്ചാണ് കോടനതി കരുണ കാട്ടിയത്.

മുംബൈയിലെ നാഗ്പടയിലുള്ള റൂബിന ഷെയ്ഖ് (53), ഭര്‍ത്താവ് റഫീഖ് ഷെയ്ഖ് (63) എന്നിവര്‍ക്കാണ് അവര്‍ മക്കളായി തന്നെ വളര്‍ത്തിയ 13 വയസുള്ള കൗസറിനെയും 11 വയസുള്ള കൈസറിനെയും കോടതി വീണ്ടും സമ്മാനിച്ചത്. ചവറ്റുകുട്ടയില്‍ നിന്നും കിട്ടുമ്പോള്‍ ഒരു കുട്ടിക്ക് ആറുമാസവും മൂത്തകുട്ടിക്ക് ഒന്നരവയസുമായിരുന്നു പ്രായം. റൂബിനയ്ക്കും റഫീക്കിനും സ്വന്തമായി നാലു മക്കള്‍ ഉണ്ടായിരുന്നെങ്കിലും ഈ കുഞ്ഞുങ്ങളെയും അവര്‍ സ്വന്തം മക്കളെപ്പോലെ തന്നെയാണ് വളര്‍ത്തിയത്.

എന്നാല്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 25 ന് ഇപ്പോള്‍ 13 വയസുള്ള കൗസറിനെയും 11 വയസുള്ള കൈസറിനെയും പൊലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇവര്‍ തന്റെ മക്കളാണെന്ന അവകാശവാദവുമായി എത്തിയ ഒരു സ്ത്രീയുടെ അവകാശവാദം അംഗീകരിച്ച പൊലീസ് കുട്ടികളെ വൃദ്ധദമ്പതികളുടെയടുത്തുനിന്ന് പിടിച്ചുകൊണ്ടുപോയി റിമാന്‍ഡ് ഹോമില്‍ താമസിപ്പിക്കുകയായിരുന്നു. ഈ സംഭവം കുട്ടികളുടെ പരീക്ഷ നടക്കുമ്പോഴായിരുന്നു.

എന്നാല്‍ ഇത്രയും കാലമില്ലാത്ത മാതൃസ്‌നേഹവും പറഞ്ഞ് വന്ന സ്ത്രീക്കു മുന്നില്‍ റൂബിനയും റഫീഖും തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. അവര്‍ മുംബൈ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ അമ്മയെന്ന് അവകാശപ്പെടുന്ന സ്ത്രീ അഞ്ചു സിറ്റിങ്ങുകള്‍ നടന്നുവെങ്കിലും ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരാകാന്‍ എത്തിയില്ല.

ഈ സംഭവത്തില്‍ കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഡി.എന്‍.എ പരിശോധന നടത്താതെ കുട്ടികളെ പിടിച്ചുകൊണ്ടുപോയതെന്തിനാണെന്ന് പോലീസിനോട് ചോദിച്ച കോടതി കുട്ടികളെ റൂബിനയ്ക്കും റഫീഖിനും തിരികെ ഏല്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. വൃദ്ധദമ്പതിമാരോടൊപ്പം വീട്ടില്‍ തിരിച്ചെത്തിയ കുട്ടികള്‍ ഏറെ സന്തോഷത്തിലാണ്.

ഇവര്‍ ഞങ്ങളുടെ മാതാപിതാക്കളാണെന്നും ഇനി ദയവുചെയ്ത് ഞങ്ങളെ ആര്‍ക്കും വിട്ടുകൊടുക്കരുതെന്നും കുട്ടികള്‍ പറയുന്നു. ഇനിയുള്ള കാലം ഇവരോടൊപ്പം കഴിയാനാണ് ആഗ്രഹമെന്നും കുട്ടികള്‍ പറഞ്ഞു. കുട്ടികള്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്റെ മക്കള്‍ റിമാന്‍ഡ് ഹോമില്‍ കഴിഞ്ഞതോര്‍ക്കുമ്പോള്‍ ഏറെ സങ്കടമുണ്ടെന്നും റൂബിന ഷെയ്ഖ് പറഞ്ഞു. കുട്ടികള്‍ക്ക് താമസിക്കാന്‍ പറ്റിയ സ്ഥലമല്ല അത്. കഴിഞ്ഞ രണ്ടുമാസമായി ഞങ്ങള്‍ തീ തിന്നുകയായിരുന്നു. ഇനി ഒരുപക്ഷേ കുട്ടികള്‍ക്ക് എന്നെങ്കിലും അവരുടെ അമ്മ വരികയാണെങ്കില്‍ നന്നായി നോക്കുമെന്ന് ഉറപ്പുകിട്ടായാല്‍ കുട്ടികളെ വിട്ടുകൊടുക്കാന്‍ മടിയില്ലെന്നും റൂബിന ഷെയ്ഖ് പറഞ്ഞു.