യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തൽ

single-img
23 May 2015

uc-browserഓട്ടാവ:  യുസി ബ്രൗസറിന് എതിരെ ഗൗരവകരമായ വെളിപ്പെടുത്തലുമായി കനേഡിയന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗമായ സിറ്റിസണ്‍ ലാബ് രംഗത്ത്. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ യുസി ബ്രൗസര്‍ ചോര്‍ത്തി ഇത് പിന്നീട് മൂന്നാം കക്ഷിക്ക് കൈമാറുന്നു എന്നുമാണ് റിപ്പോര്‍ട്ട്. യുസി ബ്രൗസറില്‍ റജിസ്ട്രര്‍ ചെയ്ത 500 ദശലക്ഷം പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ അപകടത്തിലായിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍ ഒരു മൊബൈല്‍ ഉപയോക്താവിന്‍റെ ഐഎംഎസ്ഐ, ഐഎംഇഐ, ജിയോ ലോക്കേഷന്‍ എന്നിവ ചോര്‍ത്തുന്നു. ഇതുവഴി നിങ്ങളുടെ സെല്ലുലാര്‍ ഐഡന്‍റിഫിക്കേഷന്‍ മൂന്നാം പാര്‍ട്ടിക്ക് ലഭിക്കാന്‍ എളുപ്പമാക്കുന്നതായും സിറ്റിസണ്‍ ലാബ് പറയുന്നു.

ചൈനയിലും ഇന്ത്യയിലുമാണ് കൂടുതലായി ഇത്തരം ചോര്‍ത്തലുകള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും ഭരണകൂടങ്ങള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ രഹസ്യമായി എടുക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സിറ്റിസണ്‍ ലാബ് ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ ഗൗരവമായി പരിഗണിച്ച്, അത് ഫിക്സ് ചെയ്യും, തുടര്‍ന്ന് ഉപയോക്താവിന് അത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കുമെന്ന് അലിബാബ വക്താവ് പറയുന്നു.