പൈപ്പുകള്‍ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയ തൊഴിലാളികളോട് പൈപ്പ് ഇറക്കിയാല്‍ ഇറക്കുകൂലി തന്നെ തരാമെന്നും അല്ലാതെ നോക്കുകൂലി തരില്ലെന്നും കരാറുകാരന്‍; യന്ത്രം ഉപയോഗിച്ച് മാത്രം ഇറക്കാന്‍ കഴിയുന്ന പൈപ്പിന് മുന്നില്‍ നാണംകെട്ട് നോക്കുകൂലി തൊഴിലാളികള്‍

single-img
22 May 2015

jackingമനുഷ്യന് ഒരിക്കലും ഉയര്‍ത്താന്‍ കഴിയാത്തത്ര ഭാരമുള്ള പൈപ്പുകള്‍ ഇറക്കുന്നതിനു നോക്കി നിന്ന് നോക്കുകൂലി വാങ്ങാനെത്തിയ തൊഴിലാളികള്‍ ഒടുവില്‍ നാണംകെട്ടു. നോക്കുകൂലിയല്ല, ഇറക്കുകൂലി തന്നെ തരാമെന്നും എന്നാല്‍ പൈപ്പുകള്‍ ഒരു കേടുപാടും പറ്റാതെ ഇറക്കി താഴെ വെയ്ക്കണമെന്നുമുള്ള കരാറുകാരന്റെ നിലപാടിനുമുന്നില്‍ നോക്കി നിന്ന് കൂലി വാങ്ങാമെന്ന തൊഴിലാളികളുടെ മോഹം അസ്തമിക്കുകയായിരുന്നു. എത്ര തൊഴിലാളികള്‍ എത്തിയാലും പൈപ്പുകള്‍ ഒന്ന് അനക്കാന്‍പോലുമാവില്ലെന്നു മനസ്സിലായ തൊഴിലാളികള്‍ ഒടുവില്‍ നാണംകെട്ട് പിന്‍മാറി.

കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റം കവലയില്‍ ജല അതോറിറ്റിക്കുവേണ്ടി കൊണ്ടുവന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളികളാണ് വെട്ടിലായത്. നേരത്തേ പകുതിയോളം പൈപ്പുകള്‍ ജെ.സി.ബി ഉപയോഗിച്ച് ഇറക്കിയിരുന്നുവെങ്കിലും അതിനും കൂലി വേണമെന്നായി തൊഴിലാളികള്‍. എന്നാല്‍ നോക്കുകൂലി നല്‍കില്ലെന്നും തൊഴിലാളികളെ തന്നെ പൈപ്പ് ഇറക്കാന്‍ അനുവദിക്കാമെന്നും കരാറുകാര്‍ സമ്മതിച്ചപ്പോള്‍ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോകുകയായിരുന്നു. പൈപ്പുകള്‍ താഴെ വീണു പൊട്ടിയാല്‍ നഷ്ടപരിഹാരം തനിക്ക് നല്‍കേണ്ടിവരുമെന്നും കരാറുകാരന്‍ തൊഴിലാളികളെ അറിയിച്ചു.

കരാറുകാരനും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ പൊലീസും തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോള്‍ തൊഴിലാളികള്‍ നിലപാട് മാറ്റി. തങ്ങള്‍ക്കുളള വിഹിതം ക്ഷേമനിധി ബോര്‍ഡില്‍ അടച്ചാല്‍ മതിയെന്നും യന്ത്രം ഉപയോഗിച്ച് ഇറക്കുന്നതിനു കുഴപ്പമില്ലെന്നും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ പൈപ്പ് ഇറക്കിയാല്‍ മാത്രമേ കൂലി തരികയുള്ളു എന്ന നിലപാടുമായി കരാറുകാരന്‍ ഉറച്ചു നിന്നതോടെ ആ പ്രതീക്ഷയും അവസാനിപ്പിച്ച് തൊഴിലാളികള്‍ മടങ്ങുകയായിരുന്നു.