ആവശ്യമുള്ള വൈദ്യുതി മുഴുവന്‍ സ്വയം ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

single-img
19 May 2015

CIAL-Shares

കൊച്ചി വിമാനത്താവളത്തെ തേടി വീണ്ടും പേരും പെരുമയുമായി എത്തുന്നു. തങ്ങള്‍ക്കാവശ്യമായ വൈദ്യുതി മുഴുവന്‍ സ്വയം ഉല്‍പാദിപ്പിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം ഒരുങ്ങിക്കഴിഞ്ഞു. സൗരോര്‍ജത്തില്‍നിന്ന് 12 മെഗാവാട്ട് വൈദ്യുതി കൂടി ഉല്‍പാദിപ്പിച്ച് സ്വയം പര്യാപ്തമാകാനുള്ള ശ്രമങ്ങളാണ് സിയാല്‍ തുടങ്ങിയത്. മൂന്നു മാസത്തിനകം ഈ നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയധികൃതര്‍ പറഞ്ഞു.

ജര്‍മന്‍ കമ്പനിയായ ബോഷ് സോളര്‍ ഡിവിഷന്റെ നിര്‍മാണച്ചുമതലയില്‍ 64 കോടി രൂപയാണ് ചെലില്‍ പ്രതിദിനം 50,000 മുതല്‍ 60,000 യൂണിറ്റ് വരെ വൈദ്യുതി ഇതു വഴി ഉല്‍പാദിപ്പിക്കാനാണ് സിയാല്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിലേക്കാവശ്യമായ സോളര്‍ പാനലുകള്‍ ചൈനയില്‍നിന്നു കപ്പല്‍ മാര്‍ഗം എത്തിയിട്ടുണ്ട്. ഇവ സ്ഥാപിക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ പ്രതിദിനം ശരാശരി 50,000 യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. വിമാനത്താവളത്തില്‍ 100 കിലോവാട്ടിന്റെ പൈലറ്റ് പദ്ധതിയും 1.1 മെഗാവാട്ടിന്റെ മറ്റൊരു പദ്ധതിയും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 5000 മുതല്‍ 5500 യൂണിറ്റ് വരെ വൈദ്യുതി ഇതില്‍നിന്നു ലഭിക്കുന്നുണ്ട്. ഇത് കെഎസ്ഇബിയുടെ പവര്‍ഗ്രിഡുമായി ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്.

ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സിയാലിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വൈദ്യതി കെ.എസ്.ഇ.ബിക്ക് നല്‍കാനാകുമെന്നാണ് അധികൃതരുടെ കണക്ക്കൂട്ടല്‍.