നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ഇന്ത്യയില്‍ 60,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ചൈനീസ് കമ്പനികളുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും നടക്കുന്നില്ലെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം

single-img
19 May 2015

Narendra Modi, Xi Jinpingനരേന്ദ്രമോഡിയുടെ ചൈന സന്ദര്‍ശത്തിന്റെ ഫലമായി ഇന്ത്യയിലേക്ക് 60000 കോടി രൂപയുടെ നിക്ഷേപം വരുമെന്നുള്ള പ്രഖ്യാപനങ്ങള്‍ വെറുതെയാണെന്ന് സൂചന നല്‍കിക്കൊണ്ട് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിന് ശേഷം ചൈനയുടെ ഔദ്യോഗികവാര്‍ത്താ മാധ്യമമായ പീപ്പിള്‍സ് ഡെയിലിയുടെ ഇംഗ്ലീഷ് പതിപ്പായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ചൈനയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും നടക്കുന്നില്ലെന്നുള്ള വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

60,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ചൈനീസ് കമ്പനികളുമായി പ്രധാനമന്ത്രി ധാരണയിലെത്തിയെന്ന അവകാശവാദം പൊള്ളയാണെന്നും ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഒരു സൂചനയുമില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഗ്ലോബല്‍ ടൈംസിനെ അവലംബിച്ച് ഇന്ത്യയിലെ പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കാനായെങ്കില്‍ മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയോട് താല്‍പര്യം തോന്നുകയുള്ളുവെന്നും ആവശ്യത്തിന് വൈദ്യുതിയും ഗതാഗത സൗകര്യങ്ങളും ഇല്ലാത്ത ഇന്ത്യയില്‍ നിക്ഷേപം നടത്തുകയെന്നത് സ്വകാര്യ കമ്പനികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ഏതെങ്കിലും വിദേശരാജ്യം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പോകുന്നുവെങ്കില്‍ അത് സര്‍ക്കാര്‍നേരിട്ടുള്ള നിക്ഷേപത്തിന്റെ രൂപത്തിലായിരിക്കുമെന്നും സ്വകാര്യകമ്പനികള്‍ക്ക് ഇന്ത്യയിലുള്ള നിക്ഷേപത്തില്‍ സന്ദേഹം മാത്രമേയുള്ളുവെന്നും ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പറയുന്നുണ്ട്.