ഇതാ ഒരു മുറുക്കാന്‍ കടക്കാരന്റെ മകന്‍; ഞാന്‍ പ്രധാനമന്ത്രിയായാല്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും അടച്ചു പൂട്ടി എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസം നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ പറഞ്ഞ എട്ട് വയസ്സുകാരന്‍

single-img
19 May 2015

Nithish Kumar

ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ ഹൃദയം കവര്‍ന്ന് മുറുക്കാന്‍ കടക്കാരന്റെ മകനായ എട്ടുവയസ്സുകാരന്‍ താരമായി. മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ വെച്ച് തന്റെ ചെറു പ്രസംഗം കൊണ്ടണ് നിതീഷ്‌കുമാറിനെ കുട്ടി ഞെട്ടിപ്പിച്ചത്. പട്‌നയിലെ എസ്.കെ മെമ്മോറിയല്‍ ഹാളില്‍ വെറ്റില കച്ചവടം നടത്തുന്ന ചൗരസ്യ ജാതിയിലുള്ളവരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭോജ്പൂര്‍ ജില്ലയിലെ വെറ്റില കടയുടമയായ ശൈലേന്ദ്ര കുമാര്‍ ചൗരസ്യയുടെ മകന്‍ കുമാര്‍ രാജ് ചൗരസ്യ നിതീഷിന്റെ ഹൃദയം കവര്‍ന്നത്.

പൂമാലയും പ്ലക്കാര്‍ഡുമായി സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയ കുമാര്‍ തന്നേയും പ്രസംഗിക്കാന്‍ അനുവദിക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകളോളം നേതാക്കള്‍ പ്രസംഗിക്കുന്നതും കണ്ട് തന്റെ അവസരത്തിന് വേണ്ടി അവന്‍ കാത്തിരുന്നു. കൈയിലൊരു മാലയും പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന കുട്ടിയെ കണ്ട നിതീഷ് അവനോട് കാര്യം തിരക്കുകയും പിന്നാലെ പ്രസംഗിക്കാന്‍ അനുവദിക്കുകയുമായിരുന്നു.

കുമാര്‍ കയ്യിലിരുന്ന മാല മുഖ്യമന്ത്രിയെ അണിയിച്ച ശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ ജാതിക്കാര്‍ക്ക് സംവരണം അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയ ശേഷം അത്തരത്തിലുള്ള ദാനം ഞങ്ങള്‍ക്കാവശ്യമില്ലെന്ന് അവന്‍ പ്രഖ്യപാപിക്കുകയായിരുന്നു. സമൂഹത്തില്‍ തുല്യതയില്ലായ്മയുടെ പ്രധാന കാരണം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തില്‍ ലഭിക്കുന്ന വേര്‍തിരിവാണെന്നും അവന്‍ പറഞ്ഞു. പാവപ്പെട്ട് കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ പണമുള്ളവരുടെ മക്കള്‍ ഉന്നത നിലവാരമുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കാര്യവും കുമാര്‍ പ്രസംഗമദ്ധ്യേ ചൂണ്ടിക്കാട്ടി.

കുമാറിന്റെ പ്രസംഗം നീളുന്നത് കണ്ട സംഘാടകര്‍ കുട്ടിയെ തടയാനെത്തിയെങ്കിലും നിതീഷ് കുമാര്‍ അതു തടയുകയായിരുന്നു. തുടര്‍ന്നാണ് കുമാര്‍ തന്റെ ആഗ്രഹം പറഞ്ഞത്. ഞാന്‍ പ്രധാനമന്ത്രിയായാല്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും അടച്ചു പൂട്ടി എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസം നല്‍കുമെന്നും അതല്ലാതെ സംവരണം ലഭിക്കുന്നതിലൂടെ ഒരു പാവപ്പെട്ട കുട്ടിയുടേയും ജീവിതം ശോഭനമാകുന്നില്ലെന്നും അവര്‍ വാദിച്ചു.

നിറഞ്ഞ കൈയടിയോടെ പ്രസംഗം അവസാനിപ്പിച്ച കുമാറിനെ മുഖ്യമന്ത്രി വെറ്റിലമാലയണിയിച്ചാണ് ആദരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കാനായതെന്നുള്ള നിതീഷ്‌കുമാറിന്റെ ചോദ്യത്തിന് താനും മകനും ഒരുമിച്ചിരുന്നാണ് പത്രം വായിക്കാറുള്ളതെന്ന് പിതാവ് അറിയിച്ചു. കുമാറിനെ വാനോളം പ്രശംസിച്ച മുഖ്യമന്ത്രി അവന് ഒരു രപധാനമന്ത്രിയാകാന്‍ കഴിയുമെന്നും ആശംസിച്ചു. മാത്രമല്ല കുമാറിന് വേണ്ടി താന്‍ ചില കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം സദസ്സില്‍ അറിയിക്കുകയും ചെയ്തു.