റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി റോഡില്‍ പ്രാര്‍ഥന നിര്‍വഹിക്കാനായി വാഹനം നിര്‍ത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ദുബായ് പോലീസ്

single-img
19 May 2015

Dubai Policeറോഡില്‍ പ്രാര്‍ഥന നിര്‍വഹിക്കാനായി വാഹനം നിര്‍ത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കു ആയിരം ദിര്‍ഹം പിഴചുമത്തുമെന്നും ദുബായ് പൊലീസ്. ദുബായ് പൊലീസ് തലവന്‍ മേജര്‍ ഖമീസ് മത്വര്‍ അല്‍മുസയ്‌നയാണു ഇതു സംബന്ധിച്ചു നേരത്തെ ഉത്തരവിറക്കിയിരുന്നെങ്കിലും ഈ ഉത്തരവ് അവഗണിച്ച് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത 284 നിയമലംഘനങ്ങള്‍ പൊലീസ് പിടികൂടി.

28 ബസുകള്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നതിനാലാണ് ഈ നിയമം ദുബായ് പോലീസ് പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കാനായാണ് ഡ്രൈവര്‍മാര്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്.

ദുബായ് പോലീസ് പാര്‍ക്കിങ് നിരോധിച്ച സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തി നമസ്‌കാരം നിര്‍വഹിക്കുന്നതു വാഹനാപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടയാക്കുമെന്നും ഉള്‍റോഡുകളിലും പുറം പാതകളിലും ഇത്തരം നിയമലംഘനങ്ങള്‍ പൊലീസ് നിരീക്ഷിക്കുമെന്നും ഗതാഗത വകുപ്പ് തലവന്‍ കേണല്‍ സൈഫ് മുഹയര്‍ അല്‍മസ്‌റൂഇ പറഞ്ഞു.

അപകടങ്ങള്‍ക്കു കാരണമാകും വിധം നിരത്തുകളില്‍ വാഹനം പാര്‍ക്ക്‌ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന്റെ ആദ്യപടിയായി പിടിച്ചെടുത്ത ബസ് ഉടമകളെ പൊലീസ് വിളിപ്പിച്ചു താക്കീതു നല്‍കിയിട്ടുണ്ട്.