പക്ഷികള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശമുണ്ട്; അവയെ കൂട്ടിലടച്ച് വളര്‍ത്തുന്നത് ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി

single-img
18 May 2015

parrot_cageസ്വതന്ത്രമായി പറക്കാന്‍ അനുവദിക്കാതെ പക്ഷികളെ കൂട്ടിലടച്ച് വളര്‍ത്തുന്നത് ക്രൂരതയാണെന്നും അവയ്ക്കും ഈ ലോകത്ത് അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശങ്ങളുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. പക്ഷികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് അവയുടെ കച്ചവടമെന്നും ജസ്റ്റീസ് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

വിദേശരാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്ന പക്ഷികള്‍ക്ക് വേണ്ടത്ര ഭക്ഷണമോ വെള്ളമോ ലഭ്യമാകുന്നില്ലെന്ന് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. ആകാശത്ത് സ്വതന്ത്രമായി പറക്കാനുള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ പക്ഷികള്‍ക്കുമുണ്ടെന്നും ബിസിനസ്സിനും മറ്റു ആവശ്യങ്ങള്‍ക്കുമായി പക്ഷികളെ കൂട്ടിലടയ്ക്കാന്‍ മനുഷ്യന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

മൊഹാസിം എന്ന പക്ഷിക്കച്ചവടക്കാരന്‍ കൂട്ടിലടച്ചിരുന്ന പക്ഷികളെ എന്‍ജിഒ സംഘടന നേരത്തെ തുറന്നുവിട്ടിരുന്നതിനെ തുടര്‍ന്ന് പക്ഷികളെ മൊഹാസിക്ക് തിരിച്ചുനല്‍കണമെന്നവിചാരണ കോടതി വിധിക്കെതിരെ മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. പക്ഷികളുടെ ഉടമ മൊഹാസിം അല്ലെന്നും അത് മനസ്സിലാക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്ഡി വിന്ത്‌ലേഷ് ഹൈക്കോടതിയില്‍ വാദിച്ചു.