കടല്‍ക്ഷോഭത്തിന് സാധ്യത; ഏഴ് അടി ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

single-img
17 May 2015

Mansoonഇന്നലെ പുലര്‍ച്ചെ ആരംഭിച്ച കനത്ത മഴ ഇന്നും തുടരുമ്പോള്‍ തെക്കന്‍ കേരളത്തിന്റെ ഭുരിഭാഗം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടയിലായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്. രണ്ട് ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

കേരളത്തിലും ലക്ഷദ്വീപിലും അടുത്ത 24 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും ഏഴടി വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കടലില്‍ ബോട്ടിങ്ങിന് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

കനത്ത മഴയില്‍ തമ്പാനൂരും കിഴക്കേക്കോട്ടയും വെള്ളത്തിനടിയിലാതോടെ തിരുവനന്തപുരം റെയില്‍വേസ്റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറി ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ പലതും വൈകിയാണ് ആരംഭിച്ചത്.

ഇതേസമയം പൂവാര്‍ പൊഴിക്കരയില്‍ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ച് പേരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറച്ചു ദിവസത്തേക്ക് വേനല്‍ മഴ ശക്തമാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇപ്പോള്‍ പെയ്യുന്ന മഴ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമല്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.