മതത്തിനും വര്‍ഗ്ഗത്തിനും ഗോത്രത്തിനുമതീതമായ ഇന്ത്യയുടെ സ്‌നേഹം ആ അഫ്ഗാന്‍ സൈനികന്‍ അനുഭവിച്ചറിഞ്ഞു

single-img
17 May 2015

16411_688408മത-വര്‍ഗ്ഗ- ഗോത്ര- സംസ്‌കരങ്ങള്‍ക്കതീതമായി ഒരു അവയവകൈമാറ്റം. സ്വന്തം രാജ്യത്ത് തീവ്രവാദികള്‍ വിതച്ച കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ ബോംബ് പൊട്ടി ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അഫ്ഗാന്‍ സൈനികന്റെ കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അഫ്ഗാന്‍ സ്വദേശി അബ്ദുല്‍ റഹീമിന്റെ കൈപ്പത്തിക്ക് പുനര്‍ജന്മം കിട്ടിയത്.

ബൈക്കപകടത്തില്‍ പരിക്കേറ്റു മസ്തിഷ്‌കമരണം സംഭവിച്ച ഏലൂര്‍ ഫെറി തൈപ്പറമ്പില്‍ ടി.ജി.ജോസഫിന്റെ കൈകളാണു അഫ്ഗാന്‍ സ്വേദശിക്ക് വേണ്ടി ദാനം ചെയ്തത്. ജോസഫിന്റെ കരള്‍, നേത്രപടലം എന്നിവയും ദാനം ചെയ്തു. അബ്ദുള്‍ റഹീമിനെ കാണാന്‍ ടി.ജി. ജോസഫിന്റെ ഭാര്യ ഫ്രാന്‍സിസ്‌ക ജോസഫും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ അലീഷയും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ജോസഫിന്റെ കുടുംബം ഇപ്പോള്‍ ബന്ധുവിനോടൊപ്പമാണു താമസിക്കുന്നത്.

കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതില്‍ വിദഗ്ധനായിരുന്നു റഹീം, കാണ്ടഹാറിനടുത്തു മുപ്പതോളം കുഴിബോംബുകള്‍ നിര്‍വീര്യമാക്കി 31-മത്തെ ബോംബ് നിര്‍വീര്യമാക്കുന്നതിനിടയിലാണ് സ്‌ഫോടനത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ടത്. തുടര്‍ന്നു വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കൈപ്പത്തി മാറ്റിവെയ്ക്കല്‍ ശസ്ത്രരകിയയ്ക്ക് അവരാരും തയ്യാറായില്ല. അപ്പോഴാണ് മുമ്പ് അമൃതയില്‍ നടന്ന കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ റഹീം അറിഞ്ഞത്. റഹീമും ഭാര്യയും കുടുംബസമേതം അമൃതയില്‍ എത്തുകയായിരുന്നു.

അബ്ദുല്‍ റഹിമിന് മുന്‍പ് ഒരാള്‍ കൂടി കൈപ്പത്തി മാറ്റിെവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ പിന്‍മാറിയതോടെ റഹിമിന് നറുക്ക് വീണു. തുടര്‍ന്നു 15 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണു കൈപ്പത്തികള്‍ തുന്നിച്ചേര്‍ത്തത്. ഹെഡ് ആന്‍ഡ് നെക്ക് പ്ലാസ്റ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലാണു കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയില്‍ ഇരുപതിലധികം സര്‍ജന്മാരും 10 അനസ്‌ത്യേഷ്യോളജിസ്റ്റുകളും പങ്കാളികളായി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയ അബ്ദുള്‍ റഹീമിനു കൈകള്‍ സ്വന്തമായി ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

അബ്ദുല്‍ റഹീമിന്റെ ഭാര്യ മജ്ഭിന്‍, മകന്‍ മുഹബത്ത്(12) സഹോദരി ഗുല്‍അരാമ എന്നിവര്‍ അമൃത ആശുപത്രിയില്‍ റഹീമിന്റെ സമീപത്തുണ്ട്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു സമീപത്ത് ഒരു വര്‍ഷം താമസിച്ച് ചികിത്സ തുടരാനാണ് റഹീമിന്റെ തീരുമാനം.