പ്രധാനമന്ത്രിയെ കൂളിംഗ് ഗ്ലാസണിഞ്ഞ് സ്വീകരിച്ചെന്നപേരില്‍ കുറ്റാരോപിതനായ അമിത് കട്ടാരിയയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ നല്ല പേര്

single-img
17 May 2015

amit-kataria5പ്രധാനമന്ത്രിയെ കൂളിംഗ് ഗ്ലാസണിഞ്ഞ് സ്വീകരിച്ചെന്ന കുറ്റത്തിലൂടെ വീണ്ടും വാര്‍ത്തകളിലിടം നേടിയ അമിത് കട്ടാരിയ സിവില്‍ സര്‍വീസ് വിഭാഗത്തിന് തന്നെ അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ്. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനും ഭവനനിര്‍മാണ പദ്ധതികള്‍ക്ക് വേഗം കൂട്ടാനും ശനിയും ഞായറും ഉള്‍പ്പെടെ ഇരുപത്തിനാലു മണിക്കൂറും കര്‍മ്മ നിരതനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുപ്പത്തഞ്ച്കാരനായ ഗുഡ്ഗാവ് നിവാസിയായ അമിത് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നേരത്തെ തന്നെ വാര്‍ത്തകളിലിടം നേടിയ ആളാണ്. ഡല്‍ഹി ഐഐടിയില്‍ നിന്ന് ബിരുദമെടുത്ത ഇദ്ദേഹം കളക്ടര്‍ ആവുന്നതിന് മുമ്പ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ മാത്രമാണ് ശമ്പളം വാങ്ങിയിരുന്നത്. ബസ്തര്‍ കളക്ടറായി ചുമതലയേല്‍ക്കും മുമ്പ് റായ്പൂര്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ സി.ഇ.ഓ ആയിരുന്നു ഇദ്ദേഹം.

2004 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അമിത് മാര്‍ച്ചിലാണ് ബസ്തര്‍ കളക്ടറായി നിയമിതനായത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നടത്തിയ ഛത്തീസ്ഗഡ് സന്ദര്‍ശന വേളയിലാണ് അമിത് കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയപ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരമുളള ഡ്രസ് കോഡ് തെറ്റിച്ചെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.