അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഭിന്നശേഷിയുള്ള സഹപാഠിക്ക് വേണ്ടി സ്വന്തം അധ്വാനം വിയര്‍പ്പാക്കി മാറ്റി അവര്‍ ആ ലക്ഷ്യം പൂര്‍ത്തീകരിച്ചു; കയറിക്കിടക്കാന്‍ ഒരു വീട്

single-img
16 May 2015

Aswathy House

നിര്‍ദ്ധനയും ഭിന്നശേഷിയുള്ളതുമായ കൂട്ടുകാരിക്ക് കയറിക്കിടക്കാന്‍ ഒരു വീടെന്നുള്ള സ്വപ്‌നം യഥാര്‍ത്ഥ്യമാക്കിയിരിക്കുയാണ് വട്ടിയൂര്‍ക്കാവ് ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അതും അധ്വാനം വിയര്‍പ്പാക്കി മാറ്റി. സ്‌കൂളിലെ എന്‍.എസ്.എസ് യുണീറ്റിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം അധ്വാനത്തിലും കൂട്ടായ പരിശ്രമത്തിലും സൃഷ്ടിച്ച വീട്ടില്‍ അശ്വതിക്ക് ഇനി അന്തിയുറങ്ങാം.

സ്‌കൂളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ കാന്റീന്‍ നടത്തിയും ക്രിസ്തുമസിനും പുതുവത്സരത്തിനും ആശംസാകാര്‍ഡുകള്‍ നിര്‍മ്മിച്ച് വിതരണം നടത്തിയും സ്‌കൂള്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി നടത്തിയും അവര്‍ സമ്പാദിച്ച തുകയാണ് കൂട്ടുകാരിക്ക് ഒരു കിടക്കാടമുണ്ടാക്കാന്‍ അവര്‍ വിനിയോഗിച്ചത്. സഹപാഠിയുടെ വീടെന്ന സ്വപ്‌നം ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച കുട്ടികളെ അടുത്തറിയുന്നവരും നാട്ടുകാരും കൈയൊഴിഞ്ഞില്ല. അവര്‍ക്കാകും വിധം വലുതും ചെറുതുമായുള്ള തുക അവരും നല്‍കി. അങ്ങനെ അഞ്ചര ലക്ഷത്തോളം രൂപ ചെലവിട്ട് മലമുകളിന് സമീപമുള്ള മണലയത്ത് അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട, അമ്മൂമ മാത്രമുള്ള തങ്ങളുടെ സഹോദരിക്ക് അവര്‍ ഒരു വീട് പടുത്തുയര്‍ത്തി.

നിര്‍മ്മിതിയിലുമുണ്ട് പ്രത്യേകതകള്‍. റോഡ് സൗകര്യം വന്നുചേര്‍ന്നിട്ടില്ലാത്ത സ്ഥലത്ത് നിര്‍മ്മാണ സാധനങ്ങള്‍ അവെരത്തിച്ചത് തലച്ചുമടായിട്ടായിരുന്നു. മാത്രമല്ല വീടു നിര്‍മ്മിക്കുന്ന പണിക്കാര്‍ക്കൊപ്പം അവരും അവരിലൊരാളായി ജോലി ചെയ്തു. അങ്ങനെ 2014 ഡിസംബറില്‍ തുങ്ങി കഴിഞ്ഞമാസം പൂര്‍ത്തിയായ ആ സ്‌നേഹസൗധത്തിന്റെ താക്കോല്‍ ദാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യാഴാഴ്ച നിര്‍വ്വഹിച്ചു.

ആശംസാകാര്‍ഡ് നിര്‍മ്മിച്ച് വിതരണം നടത്തിയതിലൂടെ 32000ത്തോളം രൂപ കുട്ടികള്‍ സ്വരൂപിച്ചിരുന്നു. 1500ഓളം ഗ്രോ ബാഗുകളിലായി സ്‌കൂള്‍ മട്ടുപ്പാവില്‍ ജൈവ കൃഷിത്തോട്ടമൊരുക്കി അതില്‍ നിന്നും തുക അവര്‍ സ്വരൂപിച്ചു. കുട്ടികളുടെ ഈ അധ്വാനം കണ്ടറിഞ്ഞ കടക്കാര്‍ വീടു നിര്‍മ്മിതിക്കാവശ്യമുള്ള പലസാധനങ്ങളും സൗജന്യമായി നല്‍കി സഹായിച്ചു. കൂട്ടത്തില്‍ സഹായ ഹസ്തവുമായി രക്ഷകര്‍ത്താക്കളും അധ്യാപകരുമെത്തി. എല്ലാത്തിനും നേതൃത്വവുമായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ നിസാര്‍ കൂടെയുണ്ടായിരുന്നു.

ഈ ഒരു വിജയഗാഥയില്‍ ഒതുങ്ങുന്നതല്ല വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിപ്പെരുമ. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ വിതരണവും ലഹരിവിരുദ്ധ പ്രചരണ പരിപാടികളം മറ്റുമായി അവര്‍ എപ്പോഴും സജീവമാണ്. കൂടാതെ സ്‌കൂളിന് സമീപമുള്ള വീടുകളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു നല്‍കുന്ന പരിപാടിയും ഇവര്‍ സധൈര്യം ഏറ്റെടുത്തിട്ടുണ്ട്. എന്നിരുന്നാലും സ്വന്തം കൂട്ടുകാരിക്ക് വേണ്ടി അധ്വാനിച്ച് നിര്‍മ്മിച്ച ഈ വീടിന്റെ ചരിത്രം ഈ കുട്ടികളെ എന്നും മറ്റുള്ളവരില്‍ ഓര്‍മ്മപ്പെടുത്തുകതന്നെ ചെയ്യും.