അമ്മയുടെ രോഗം മാറ്റണമെന്ന പ്രാര്‍ത്ഥനയുമായി പിറന്നാള്‍ ദിനത്തില്‍ ശബരിമല ദര്‍ശനം നടത്തി മോഹന്‍ലാല്‍

single-img
16 May 2015

Mohanlalഅമ്മ ശാന്തകുമാരിയുടെ രോഗം മാറ്റണമെന്ന പ്രാര്‍ഥനയുമായി പിറന്നാള്‍ ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്റെ ശബരിമല ദര്‍ശനം. ഇന്നലെ പുലര്‍ച്ചെ സന്നിധാനത്തില്‍ എത്തി നിര്‍മാല്യം കണ്ടുതൊഴുത് അമ്മയ്ക്കുമവണ്ടി പ്രാര്‍ത്ഥിച്ച് നെയ്യഭിഷേകവും നടത്തിയാണ് മോഹന്‍ലാല്‍ മലയിറങ്ങിയത്.

11 വര്‍ഷത്തിനു ശേഷമാണു മോഹന്‍ലാല്‍ ദര്‍ശനത്തിനെത്തുന്നത്. കശ്മീരിലെ സൈനിക ക്യാമ്പില്‍ നിന്നും അദ്ദേഹം എറണാകുളത്തെ ഫ്‌ളാറ്റില്‍ എത്തി നെയ്‌ത്തേങ്ങ നിറച്ച് ശബരിമലയിലേക്ക് എത്തുകയായിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടൊപ്പം പുലര്‍ച്ചെ രണ്ടിനു പമ്പയില്‍ എത്തിയ മോഹന്‍ലാലിനെ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ചെറിയനാട് സബ് ഗ്രൂപ്പ് ഓഫിസര്‍ എസ്. അജിത്കുമാര്‍, ആറന്മുള ദേവസ്വത്തിലെ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

അവരോടൊപ്പം മല കയറിയ മോഹന്‍ലാല്‍ ഇരുമുടി കെട്ടില്ലാത്തതിനാല്‍ വടക്കേനടയിലൂടെ സോപാനത്തില്‍ എത്തിയാണു നിര്‍മാല്യം തൊഴുതത്. മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പ്രസാദവും തന്ത്രി കണ്ഠര് രാജീവര് അയ്യപ്പനു ചാര്‍ത്തിയ ഉടയാടയും മോഹന്‍ലാലിന് നല്‍കി. തുടര്‍ന്ന് മലയിറങ്ങിയ മോഹന്‍ലാല്‍ ഇന്ന് ജപ്പാനിലേക്ക് തിരിക്കും.