വാക്കല്ലേ മാറ്റാന്‍ കഴിയൂ; ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച വിഷയത്തില്‍ യു.പി.എ സര്‍ക്കരിന്റെ അതേ നിലപാടുതന്നെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
15 May 2015

BMD_GADKARI_1_1214103g

ന്യൂഡല്‍ഹി: ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം (എഫ്.ഡി.ഐ.) സംബന്ധിച്ച നിര്‍ണായകവിഷയത്തില്‍ ബി.ജെ.പിയും യു.പി.എയുടെ നയം പിന്തുടരും. യു.പി.എ സര്‍ക്കാറിന്റെ അതേ നിലപാടുതന്നെ തുടരുമെന്ന് സര്‍ക്കാറിന്റെ വ്യാവസായികനയത്തില്‍ വ്യക്തമാക്കി. ചില്ലറവ്യാപാരമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതായിരുന്നു യു.പി.എ നയം.

ചൊവ്വാഴ്ച പുറത്തിറക്കിയ വ്യാവസായികനയ പ്രോത്സാഹനവകുപ്പിന്റെ കുറിപ്പിലാണ് യു.പി.എയുടെ നയം തുടരുമെന്ന കാര്യം വ്യക്തമാക്കിയിട്ടുളളത്. ചില്ലറ വ്യാപാരമേഖലയില്‍ എഫ്.ഡി.ഐ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും അതിനാല്‍ നിലവിലുള്ളത് തുടരുന്നുവെന്നും ഇതുസംബന്ധിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വ്യാവസായികനയം പുറത്തുവന്നതോടെ ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തെറ്റായിരുന്ന പല കാര്യങ്ങളും അധികാരത്തിലെത്തിയപ്പോള്‍ ബി.ജെ.പിക്ക് ശരിയായെന്ന് കോണ്‍ഗ്രസ് വക്താവ് പരിഹസിച്ചു.

ചെറുകിട കച്ചവടമേഖല തകരുമെന്നാരോപിച്ച് ബി.ജെ.പി നിയമത്തിനെതിരെ ശക്തമായ പ്രചാരണം അന്ന് അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലും ഇക്കാര്യമുണ്ടായിരുന്നു.

2012-ല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ ഇത് നിയമമായാല്‍ ചെറുകിട കച്ചവടക്കാരുടെ മരണമണി മുഴങ്ങുമെന്നാണ് അന്നത്തെ പ്രതിപക്ഷനേതാവും മോദിമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായ സുഷമാസ്വരാജ് പറഞ്ഞത്. പരിവാര്‍സംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ചടക്കമുള്ളവയും നയത്തിനെതിരെ ശക്തമായ പ്രചാരണം നടത്തി.

യു.പി.എ  നയത്തിനെതിരെ 2012 സപ്തംബര്‍ 19-ന് ഇടതുകക്ഷികളുമായി ചേര്‍ന്ന് ബി.ജെ.പി ഭാരത ബന്ദും നടത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലും ചില്ലറമേഖലയിലെ വിദേശനിക്ഷേപത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കി.

ഇന്ന് ചില്ലറവ്യാപാരമേഖലയില്‍ യു.പി.എയുടെ നയം തുടരുമെന്ന് വ്യക്തമാക്കി വ്യവസായനയം പുറത്തിറക്കി. ഈ രംഗത്ത് 51 ശതമാനം വിദേശ നിക്ഷേപം അംഗീകരിക്കുന്ന നയം. എന്നാൽ ഇപ്പോൾ ബിജെപി പ്രകടനപത്രികയിലെ നിലപാടില്‍നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്.