കമ്പനിയിലെ 200 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ സി.ഇ.ഒ രാഹുല്‍ യാദവ് തന്റെ 2251 ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കി

single-img
14 May 2015

Rahul Yadavഇന്ത്യയിലെ പ്രശസ്ത റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ടലായ ‘ഹൗസിംഗ് ഡോട്ട് കോം’മിന്റെ സ്ഥാപകരില്‍ ഒരാളും കമ്പനിയുടെ സി.ഇ.ഒ.യുമായ രാഹുല്‍ യാദവ് തന്റെ ജീവനക്കാരെ സ്‌നേഹിക്കുന്ന രീതികണ്ട് മറ്റുള്ളവരും പഠിക്കണം. തന്റെ 200 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കിയാണ് ജീവനക്കാരോടുള്ള തന്റെ സ്‌നേഹം രാഹുല്‍ പ്രകടിപ്പിച്ചത്. അതിനു കാരണമായി പറഞ്ഞ കാര്യമാണ് ഏറെ രസകരം. ”തനിക്ക് പണം സമ്പാദിക്കാനുള്ള പ്രായം ആയിട്ടില്ല”.

26 കാരനായ യാദവ് കഴിഞ്ഞ ദിവസമാണ് തന്റെ 4.5 ശതമാനം വരുന്ന കമ്പനി ഓഹരികള്‍ 2,251 ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. തനിക്ക് 26 വയസ്സു മാത്രമേ ആയിട്ടുളളുവെന്നും പണത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാനുളള പ്രായമായിട്ടില്ലെന്നുമാണ് യാദവ് തന്റെ തീരുമാനത്തിനെ ന്യായീകരിച്ച് പറഞ്ഞത്.

2012 ല്‍ 12 ഐഐടി ബിരുദധാരികള്‍ ചേര്‍ന്ന് ആരംഭിച്ച ഹൗസിംഗ് ഡോട്ട് കോം ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യത്തെ പ്രമുഖ വെബ്‌സൈറ്റായി മാറുകയായിരുന്നു. കമ്പനിയില്‍ ഇപ്പോള്‍ തുടരുന്ന ഒമ്പത് സ്ഥാപകാംഗങ്ങളില്‍ ഏറ്റവും വലിയ ഓഹരി യാദവിനാണ്. കമ്പനിയുടെ ബോര്‍ഡുമായും പങ്കാളികളുമായും അത്ര രസത്തിലല്ലായിരുന്ന യാദവ് ഏപ്രില്‍ 30 രാജിക്കത്ത് നല്‍കിയിരുന്നുവെങ്കിലും മെയ് അഞ്ചിന് ക്ഷമാപണം നടത്തി രാജി പിന്‍വലിക്കുകയായിരുന്നു.