തന്റെ കാറ് വന്നപ്പോള്‍ ഒതുങ്ങി നിന്നില്ലെന്ന പേരില്‍ യുവതിയുടെ കൈ അടിച്ചൊടിച്ച കേസില്‍ ചന്ദ്രബോസിന്റെ കൊലയാളി നിസാമിനെ സഹായിച്ച പോലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

single-img
14 May 2015

Nisamസെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് നിസാമിനെ മുമ്പ് മറ്റൊരു കേസില്‍ വഴിവിട്ടു സഹായിച്ച കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. 2013ല്‍ മറൈന്‍ ഡ്രൈവിലെ ്ഫളാറ്റില്‍ താമസിച്ചിരുന്ന സമയത്ത് നിസാം കാറോടിച്ചു പോര്‍ച്ചിലേക്കു വരുമ്പോള്‍ വഴിയില്‍ ഒതുങ്ങിനിന്നില്ലെന്നു പറഞ്ഞ് ഫഌറ്റിലെ താമസക്കാരിയായിരുന്ന യുവതിയുടെ കൈകള്‍ അടിച്ച് ഒടിച്ചിരുന്നു.

നിസാമിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ചികിത്സ കഴിഞ്ഞെത്തി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നിഷാമിനു വേണ്ടി കേസ് ഒതുക്കുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിനെ തുടര്‍ന്ന് ഈ കേസില്‍ പോലീസിനെതിരെ പരാതി ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കൂട്ടത്തില്‍ കൊക്കെയ്ന്‍ കേസിലും രണ്ടു പ്രതികളെ സംരക്ഷിക്കാന്‍ ഇതേ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്ന ആരോപണവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.